വംശനാശം സംഭവിച്ച് അര നൂറ്റാണ്ടിനു ശേഷം ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക്. ഒരിക്കല്‍ ഇന്ത്യയുടെ മുഖമായിരുന്നു, ലോകത്തെ ഏറ്റവും വേഗതയേറിയ മൃഗം എന്നറിയപ്പെടുന്ന ചീറ്റപ്പുലികള്‍. ദക്ഷിണാഫ്രിക്കയില്‍നിന്നാണ് 8,405 കിലോ മീറ്ററുകള്‍ പിന്നിട്ട് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നാഷനല്‍ പാര്‍ക്കുകള്‍ പുതിയ അതിഥിക്കായി ഒരുങ്ങിക്കഴിഞ്ഞു.  മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍, നവംബറില്‍ അഞ്ച് ആണ്‍പുലികളും മൂന്ന് പെണ്‍പുലികളും ഇന്ത്യയിലേക്ക് വരുമെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീന്‍ യാദവേന്ദ്രദേവ് ജാലയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

വന്‍തോതിലുള്ള വേട്ടകളും ഇരകളുടെ അഭാവവും ആവാസ വ്യവസ്ഥയ്ക്കുണ്ടായ മാറ്റങ്ങളും ചേര്‍ന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ചീറ്റകള്‍ വംശനാശം സംഭവിക്കാന്‍ കാരണമായത്. ഇരയെ പിടിക്കാന്‍ മണിക്കൂറില്‍ 112 കിലോ മീറ്റര്‍ വേഗതയില്‍ ഓടാനാവുന്ന ചീറ്റകള്‍ ഇപ്പോള്‍ ലോകത്താകെ ഏഴായിരം എണ്ണമാണ് അവശേഷിക്കുന്നത്.  ഇവയില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കയിലാണ്. നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണ് ബാക്കി ചീറ്റകളില്‍ ഏറെയും. 

പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ കാലത്താണ് ലോകത്താദ്യമായി ചീറ്റയെ വളര്‍ത്തിയത്.   അദ്ദേഹത്തിന്റെ പിതാവ് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പതിനായിരം ചീറ്റകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതായാണ് കണക്ക്. കൊട്ടാരത്തിന്റെ പരിധിയില്‍ത്തന്നെ ആയിരം എണ്ണം അന്നുണ്ടായിരുന്നു. 1900-കളിലാണ് ഇന്ത്യയില്‍ ചീറ്റകള്‍ കുറഞ്ഞുവന്നത്. 1967-68 കാലത്താണ് ഇന്ത്യയില്‍ അവസാനമായി ഒരു ചീറ്റയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയത്. ചീറ്റയുടെ വംശനാശം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം, ഇവയെ തിരിച്ചുകൊണ്ടുവരാന്‍ ഏറെ ശ്രമങ്ങള്‍ നടന്നിരുന്നു. 1970 -കളില്‍ മുന്നൂറ് ചീറ്റകള്‍ ഉണ്ടായിരുന്ന ഇറാനില്‍നിന്ന് ഇവയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇറാനിലെ അന്നത്തെ രാജാവ് റിസാ ഷാ പഹ്‌ലവിയുമായി ഇതിനുള്ള കരാറില്‍ എത്തിയിരുന്നു. എന്നാല്‍, ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്ന് 1979-ല്‍ ഷാ സ്ഥാനഭ്രഷ്ഠനായതോടെ ആ ശ്രമം അവസാനിച്ചു. തുടര്‍ന്നാണ്, ദക്ഷിണാഫ്രിക്കയില്‍നിന്നും ചീറ്റകളെ കൊണ്ടുവരാന്‍ നീക്കം നടന്നത്. 

ലോകത്തെ അറുപതു ശതമാനം ചീറ്റകളും അധിവസിക്കുന്നത് ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്താണ്. മരുഭൂമികള്‍, പുല്‍പ്പരപ്പുകള്‍, കാടുകള്‍, പര്‍വ്വതങ്ങള്‍, മണല്‍ക്കുന്നുകള്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. സിംഹങ്ങള്‍, പുലികള്‍, കാട്ടുനായ്ക്കള്‍, കഴുതപ്പുലികള്‍ എന്നിവയുടെ ഇടയിലാണ് ഇവ കഴിഞ്ഞുവരുന്നത്. വേഗതയേറിയ മൃഗമാണെങ്കിലും, സിഹവും കഴുതപ്പുലികളും പുലികളുമെല്ലാം ഇവയെ ആക്രമിച്ച് കൊന്നൊടുക്കാറുണ്ട്. കാട്ടില്‍നിന്നിറങ്ങി കൃഷിഭൂമിയില്‍ ഇരതേടി പോവുന്ന പ്രകൃതം ഉള്ളതിനാല്‍, പലപ്പോഴും കര്‍ഷകരും ഇവയെ കൊന്നൊടുക്കാറുണ്ട്. ബ്രിട്ടീഷ് കാലത്തെ അനിയന്ത്രിത നായാട്ടും കൃഷിക്കാരുടെ ഭാഗത്തുനിന്നുള്ള ആക്രമണവും സിംഹത്തെ പോലുള്ള മൃഗങ്ങളുടെ ആക്രമണവുമാണ് ഇന്ത്യയില്‍ ഇവയു2െ വംശനാശത്തിന് ഇടയാക്കിയത്. 

ഇരുമ്പു കമ്പികളാല്‍ സംരക്ഷിക്കപ്പെടുന്ന ആവാസ വ്യവസ്ഥകളില്‍ മാത്രമേ ഇവയ്ക്ക് ഇപ്പോള്‍ കഴിയാനാവൂ എന്ന് ദക്ഷിണാഫ്രിക്കയില്‍ ചീറ്റാ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് വാന്‍ഡെര്‍ മാര്‍വെ ബിബിസിയോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടശേഷം, വിന്‍സന്റ് ഇവിടെ സന്ദര്‍ശിച്ചിരുന്നു. ചീറ്റകള്‍ക്ക് വസിക്കാനാവുന്ന ആവാസ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ ഏപ്രിലിലാണ് അദ്ദേഹമെത്തിയത്. മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കാണ് അദ്ദേഹം ഇതിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയത്. 736 ചതുരശ്ര കിലോ മീറ്ററുള്ള ഇവിടെ ദക്ഷിണാഫ്രിക്കയിലേതിനു സമാനമായ ആവാസവ്യവസ്ഥ നിലവിലുള്ളതായി അദ്ദേഹം കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് നാഷനല്‍ പാര്‍ക്കും ചീറ്റകള്‍ക്ക് കഴിയാന്‍ അനുയോജ്യമാണെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്തിരുന്നു. 

ഇന്ത്യയില്‍ എത്തുകയാണെങ്കില്‍, ഈ രണ്ട് നാഷനല്‍ പാര്‍ക്കുകളിലായിരിക്കും ചീറ്റകള്‍ കഴിയുക. ഒരു ഭൂഖണ്ഡത്തിലെ ആവാസ വ്യവസ്ഥയില്‍നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂഖണ്ഡത്തിലുള്ള ആവാസ വ്യവസ്ഥയിലേക്ക് ഇവയെ മാറ്റുന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ഇന്ത്യയിലെ ഈ രണ്ട് നാഷനല്‍ പാര്‍ക്കുകളിലും വലിയ വ്യത്യാസം ചീറ്റകള്‍ക്ക് അനുഭവപ്പെടാനിടയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.