മൂന്ന് വർഷം സമയമെടുത്താണ് തൻറെ വർക്ക്ഷോപ്പിൽ സെബാസ്റ്റ്യൻ ബ്യൂട്ടലർ ഇത് നിർമ്മിച്ചത്. മൂന്നു വർഷത്തിനിടയിൽ ഏകദേശം 2,500 മണിക്കൂറുകൾ തൻറെ സൈക്കിൾ നിർമാണത്തിനായി ചെലവഴിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
സ്ക്രാപ്പ് മെറ്റൽസ് കൊണ്ട് നിർമ്മിച്ച ഒരു ഭീമൻ സൈക്കിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ എന്നറിയപ്പെടുന്ന ഈ സൈക്കിളിന്റെ ഭാരം എത്രയാണെന്നോ? 4,800 പൗണ്ട്. അതായത് 2177.243 കിലോഗ്രാം. പൂർണ്ണമായും സ്ക്രാപ്പ് മെറ്റൽസ് ഉപയോഗിച്ച് നിർമ്മിച്ച ഈ സൈക്കിളിന്റെ പേര് ക്ലീൻ ജോഹന്ന എന്നാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന്റെ ദേശീയ പതിപ്പായ ജർമ്മനിയിലെ റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ സൈക്കിൾ ഇതിനോടകം തന്നെ ഇടം നേടിയിട്ടുണ്ട്.
സൈക്കിളിന് 5 മീറ്റർ നീളവും 2 മീറ്റർ ഉയരവുമുണ്ട്. സാധാരണ ഹാച്ച്ബാക്ക് കാറിനേക്കാൾ ഭാരമുണ്ട്. ജർമൻ സ്വദേശിയായ സെബാസ്റ്റ്യൻ ബ്യൂട്ടർ ആണ് ഇത് നിർമ്മിച്ചത്. കാലുകൊണ്ട് ചവിട്ടുന്നതിന് പകരം സൈക്കിൾ ഓടിക്കാൻ ട്രക്കിന്റെ ഗിയർബോക്‌സ് ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ക്ലീൻ ജോഹന്നയ്ക്ക് 35 ഫോർവേഡ് ഗിയറുകളും 7 റിവേഴ്സ് ഗിയറുകളുമുണ്ട്. ഒരു പെഡലിലൂടെ ഒരാൾക്ക് മാത്രമേ ഇത് പ്രവർത്തിപ്പിക്കാൻ കഴിയൂ, ഏകദേശം 15 ടൺ ഭാരം ഒരേസമയം താങ്ങാൻ ഇതിന് കഴിയും.
ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സെബാസ്റ്റ്യൻ ബ്യൂട്ടറിന്റ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇത്. വളരെക്കാലമായി സ്ക്രാപ്പ് മെറ്റൽ വാഹനങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം. സ്ക്രാപ്പ് മെറ്റൽസിൽ നിന്ന് സൈക്കിൾ നിർമ്മിക്കണമെന്നുള്ള ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഇദ്ദേഹം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
മൂന്ന് വർഷം സമയമെടുത്താണ് തൻറെ വർക്ക്ഷോപ്പിൽ സെബാസ്റ്റ്യൻ ബ്യൂട്ടലർ ഇത് നിർമ്മിച്ചത്. മൂന്നു വർഷത്തിനിടയിൽ ഏകദേശം 2,500 മണിക്കൂറുകൾ തൻറെ സൈക്കിൾ നിർമാണത്തിനായി ചെലവഴിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. തൻറെ സ്വപ്ന പദ്ധതിക്ക് മറ്റാരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും ഇപ്പോൾ ലോകത്തിലെ ഏറ്റവും ഭാരമേറിയ സൈക്കിളിന്റെ ഉടമയാണ് താൻ എന്നതിൽ അഭിമാനം ഉണ്ടെന്ന് സെബാസ്റ്റ്യൻ ബ്യൂട്ടലർ അഭിപ്രായപ്പെട്ടു.
സൈക്കിളിന്റെ ശരാശരി വേഗത കൃത്യമായി ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 389 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മാസത്തോളം എടുക്കും എന്നാണ് ബ്യൂട്ടലർ പറയുന്നത്.
