തികച്ചും പ്രകൃതിരമണീയമായ പാതയിലൂടെയാണ് ട്രെയിൻ ഓടുന്നത്. അതിനിടയിൽ 22 തുരങ്കങ്ങളും 48 പാലങ്ങളും ഉണ്ട്. അവയിൽ പലതും പർവതങ്ങളിലാണ്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിനുള്ളത് എവിടെയാണ് എന്ന് അറിയുമോ? അത് സ്വിറ്റ്സർലാൻഡിലാണത്രെ. ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിനിന്റെ ലോക റെക്കോർഡ് തങ്ങൾക്കാണ് എന്നാണ് സ്വിറ്റ്‌സർലൻഡിലെ റാറ്റിയൻ റെയിൽവേ കമ്പനി അവകാശപ്പെടുന്നത്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ട്രെയിൻ 1.9 കിലോമീറ്റർ നീളത്തിലാണുള്ളത്. ഇതിന് 100 കോച്ചുകളുണ്ട്.
തികച്ചും പ്രകൃതിരമണീയമായ പാതയിലൂടെയാണ് ട്രെയിൻ ഓടുന്നത്. അതിനിടയിൽ 22 തുരങ്കങ്ങളും 48 പാലങ്ങളും ഉണ്ട്. അവയിൽ പലതും പർവതങ്ങളിലാണ്. 2008 -ൽ ഈ പാത യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 'ആൽപ്സ് പർവത നിരകളിലെ അതിമനോഹരമായ പാളത്തിൽ കൂടിയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ എന്ന റെക്കോർഡ് സ്വിസ് റെയിൽവേ കമ്പനി റേതിയൻ റെയിൽവേ സ്വന്തമാക്കി'യെന്ന് ഗുർബക്ഷ് സിംഗ് ചാഹൽ ട്വീറ്റ് ചെയ്തു.
ഒരു മണിക്കൂർ കൊണ്ടാണ് ട്രെയിൻ ആൽപ്സ് പർവത നിരകളിലൂടെയുള്ള യാത്ര പൂർത്തിയാക്കിയത്. സ്വിസ് റെയിൽവേയുടെ 175 -ാം വാർഷികം ആഘോഷിക്കുക, സ്വിറ്റ്സർലൻഡിന്റെ എഞ്ചിനീയറിംഗ് നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നതൊക്കെ മുൻനിർത്തിയാണ് ഈ റെക്കോർഡ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റാറ്റിയൻ റെയിൽവേ കമ്പനിയുടെ ഡയറക്ടർ റെനാറ്റോ ഫാസിയാറ്റി പറഞ്ഞു. 'സ്വിസ് പെർഫെക്ഷൻ' എന്നാണ് അദ്ദേഹം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
യാത്രയ്ക്ക് ശേഷം ഏറ്റവും നീളം കൂടിയ ട്രെയിനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി കമ്പനി അവകാശപ്പെട്ടു. എന്നാൽ, ലോകത്തിൽ മൂന്ന് കിലോമീറ്റർ വരെയുള്ള ട്രെയിനുകളുണ്ട്. പക്ഷേ, ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ ഇതാണ് എന്നാണ് പറയുന്നത്.
