ചെറിയ കാഴ്ചക്കുറവ് ഉള്ളതൊഴിച്ചാൽ ബോബി ഇപ്പോഴും ആരോഗ്യവാനാണ് എന്നാണ് ലിയോണൽ പറയുന്നത്. 18 വയസ്സ് വരെ ജീവിച്ചിരുന്ന ബോബിയുടെ അമ്മ ഗിര ഉൾപ്പെടെ, ലിയണൽ മുമ്പും പ്രായമായ നിരവധി നായ്ക്കളെ സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്നറിയപ്പെടുന്ന ബോബിയ്ക്ക് 31 വയസ്സ് പൂർത്തിയായി. മെയ് 11 -നായിരുന്നു ബോബിയുടെ 31 -ാം പിറന്നാൾ. 1992 -ൽ ആണ് ഈ നായ ജനിച്ചത്. പോർച്ചുഗീസിലെ കോൺക്വീറോസിലുള്ള വീട്ടിൽ ഏറെ ഗംഭീരമായി ബോബിയുടെ പിറന്നാൾ ആഘോഷങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് ഉടമസ്ഥർ. പ്രത്യേകമായി ഒരുക്കുന്ന പാർട്ടിയിൽ നിരവധി അതിഥികൾ പങ്കെടുക്കും. ലിയോണൽ കോസ്റ്റ എന്ന പോർച്ചുഗീസ് സ്വദേശിയാണ് ബോബിയുടെ ഉടമ. മനുഷ്യർ കഴിയ്ക്കുന്ന അതേ ഭക്ഷണങ്ങൾ മാത്രം കഴിയ്ക്കുന്ന ബോബി ലിയോണലിന് ഏറെ പ്രിയപ്പെട്ടതാണ്.
പോർച്ചുഗീസുകാരുടെ പരമ്പരാഗത ശൈലിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പാർട്ടിയിൽ 100 -ലധികം ആളുകൾ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പടെ അതിഥികൾ പിറന്നാൾ ആഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ എത്തുമെന്ന് ലിയോണൽ അറിയിച്ചതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഫീറോ ഡോ അലന്റേജോ (Rafeiro do Alentejo) ഇനത്തിൽ പെട്ട ബോബിയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡ് ബഹുമതി ലഭിച്ചിരുന്നു. അതിനുശേഷം, ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരാണ് ബോബിയെ കാണാൻ എത്തുന്നത്.
ചെറിയ കാഴ്ചക്കുറവ് ഉള്ളതൊഴിച്ചാൽ ബോബി ഇപ്പോഴും ആരോഗ്യവാനാണ് എന്നാണ് ലിയോണൽ പറയുന്നത്. 18 വയസ്സ് വരെ ജീവിച്ചിരുന്ന ബോബിയുടെ അമ്മ ഗിര ഉൾപ്പെടെ, ലിയണൽ മുമ്പും പ്രായമായ നിരവധി നായ്ക്കളെ സ്വന്തമാക്കിയിട്ടുണ്ട്. ബോബി ജനിക്കുമ്പോൾ ലിയോണലിന് എട്ട് വയസ്സായിരുന്നു പ്രായം. അന്നു മുതൽ ലിയോണലിന്റെ പ്രിയപ്പെട്ടവനാണ് ബോബി.
