ബാര്‍ബഡോസിൽ കോളനിവൽക്കരണം ശക്തമായപ്പോൾ വംശനാശം സംഭവിച്ചെന്ന് കരുതി ജീവിവർഗ്ഗങ്ങളിലൊന്നായിരുന്നു ബാർബഡോസ് ത്രെഡ്‌സ്നേക്ക്. 

പൂര്‍ണ്ണ വളര്‍ച്ചയെത്തിയാൽ വലുപ്പം വെറും 10 സെന്‍റീമീറ്റര്‍ മാത്രം. ഭാരം, അങ്ങനെ പറയാന്‍ തക്കഭാരമൊന്നുമില്ലതാനും. കാഴ്ചയിലാണെങ്കില്‍ ഒരു നൂഡിൽസ് ഇഴയോളം വണ്ണം കാണും. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ പാമ്പിനെ കുറിച്ചാണ്. വര്‍ഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായെന്ന് കരുതിയ ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ്, ബാർബഡോസ് നൂൽപ്പാമ്പ്. ജന്തുശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തി വംശനാശം സംഭവിച്ചെന്ന് കരുതിയ ആ കുഞ്ഞന്‍ പാമ്പിനെ വീണ്ടും കണ്ടെത്തിയിരിക്കുന്നു.

ബാർബഡോസ് ത്രെഡ്‌സ്നേക്കിനെ, അവസാനമായി കണ്ടതിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ജന്തുശാസ്ത്ര ഗവേഷകര്‍ പറയുന്നു. പിന്നീട് ഇതുവരെ ഈ കുഞ്ഞന്‍ ജീവിയെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഇടുത്തിടെ നടന്ന ഒരു പാരിസ്ഥിതിക സര്‍വേയില്‍ ഗവേഷകരെ അത്ഭുതപ്പെട്ടുത്തി ബാർബഡോസ് ത്രെഡ്‌സ്നേക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ബാർബഡോസ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും റിവൈൽഡിന്‍റെയും നേതൃത്വത്തിൽ നടന്ന ഒരു പാരിസ്ഥിതിക സർവേയിലാണ് മധ്യ ബാർബഡോസിലെ ഒരു പാറക്കടിയിൽ നിന്ന് ഈ കുഞ്ഞന്‍ പാമ്പിനെ ഗവേഷകര്‍ കണ്ടെത്തിയത്.

Scroll to load tweet…

2000 -ത്തിന് ശേഷം ബാർബഡോസ് ത്രെഡ്‌സ്നേക്കിനെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടിരുന്ന 4,800 ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഇതിനെ ഉൾപ്പെടുത്തിയിരുന്നു. ബാര്‍ബഡോസ് പരിസ്ഥിതി മന്ത്രാലയത്തിലെ പ്രോജക്ട് ഓഫീസറായ കോണർ ബ്ലേഡ്‌സും റീ വൈൽഡിന്‍റെ കരീബിയന്‍ പ്രോഗ്രം ഓഫീസറായിരുന്ന ജസ്റ്റിൻ സ്പ്രിംഗറും ഏതാണ്ട് ഒരു വര്‍ഷത്തോളം ഈ കുഞ്ഞന്‍ പാമ്പിനെയും മറ്റ് അപൂര്‍വ്വ ബാർബഡോസ് ഉരഗങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.

ബാർബഡോസ് ത്രെഡ്‌സ്നേക്കുകളെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത് 1889 -ലാണ്. ഇണചേരാതെ തന്നെ പുതിയ തലമുറയെ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്ന ഇവ ഉരഗലോകത്തെ വളരെ അപൂർവമായ ജീവിവര്‍ഗ്ഗമാണ്. എന്നാല്‍ പെണ്‍ ത്രെഡ്‌സ്നേക്കുകൾ ഒരു സമയം ഒരു മുട്ടമാത്രമേ ഇടൂ. 500 വര്‍ഷം മുമ്പ് വരെ ഇവ ബാര്‍ബഡോസില്‍ നിത്യേത കണ്ടിരുന്ന ജീവിവര്‍ഗമായിരുന്നു. എന്നാല്‍, പിന്നീടിങ്ങോട്ട് ബാര്‍ബഡോസിൽ കോളനിവൽക്കരണം ശക്തമായി. പിന്നാലെയുണ്ടായ കാർഷിക വികസനവും രാസവള പ്രയോഗവും ശക്തമായി. ഇക്കാലത്ത് ബാര്‍ബഡോസിന് തദ്ദേശീയ വനത്തിന്‍റെ 98 % -വും നഷ്ടപ്പെട്ടു. ആവാസവ്യവസ്ഥയുടെ നഷ്ടം ബാര്‍ബഡോസിലെ ചെറുജീവിവര്‍ഗങ്ങളുടെ അന്ത്യത്തിന് ആക്കം കൂട്ടി.