പൊലീസിനെയും അസ്സലായി പറ്റിച്ചു, ഗുസ്തിക്കാരിയും ഭർത്താവും തട്ടിയത് 51 ലക്ഷം!
മാസങ്ങൾ കഴിഞ്ഞിട്ടും ലാഭത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. അന്വേഷിച്ചപ്പോഴൊക്കെ നിശബ്ദത തന്നെ. പിന്നീടുള്ള അന്വേഷണത്തിലാണ് താൻ പറ്റിക്കപ്പെട്ടു എന്നും താൻ മാത്രമല്ല പറ്റിക്കപ്പെട്ടത് എന്നും ദീപക്കിന് മനസിലാവുന്നത്.

തട്ടിപ്പിലൂടെ പണം തട്ടുന്നത് ഇന്നൊരു ഞെട്ടിക്കുന്ന വാർത്തയല്ല. അനേകം പേർക്കാണ് ഇന്ന് അങ്ങനെ വലിയ വലിയ തുകകൾ നഷ്ടപ്പെടുന്നത്. അതിൽ ഇപ്പോൾ ഒരു പൊലീസ് ഓഫീസറും ഇരയായിരിക്കുകയാണ്. തിഹാർ ജയിലിലെ ഡെൽഹി പ്രിസൺസ് ഡിപാർട്‍മെന്റിലെ അസി. സൂപ്രണ്ടായ ദീപക് ശർമ്മയ്‍ക്കാണ് ഒരു ഗുസ്തിക്കാരിയും ഭർത്താവും ചേർന്ന് നടത്തിയ തട്ടിപ്പിൽ 51 ലക്ഷം രൂപ നഷ്ടപ്പെട്ടിരിക്കുന്നത്.
പ്രൊഫഷണൽ ഗുസ്തിക്കാരായ റൗണക് ഗുലിയ റൗണക്കും ഭർത്താവ് അങ്കിത് ഗുലിയയും ചേർന്നാണ് ദീപക് ശർമ്മയെ പറ്റിച്ച് 51 ലക്ഷം കൈക്കലാക്കിയത്. പൊലീസ് പറയുന്നതനുസരിച്ച്, 2021 ൽ ഒരു റിയാലിറ്റി ടിവി ഷോയിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. അന്ന് അവിടെ വച്ച് ബോഡി ബിൽഡിംഗിലുള്ള തന്റെ താല്പര്യവും സമർപ്പണവും ഒക്കെ ദീപക് തുറന്ന് പറഞ്ഞിരുന്നു. അതേ പരിപാടിയിൽ സഹ മത്സരാർത്ഥിയായിരുന്നു റൗണക് ഗുലിയ.
ഹെൽത്ത് പ്രൊഡക്ട് ഇൻഡസ്ട്രിയിൽ ഒരു സംരംഭകനാണ് തന്റെ ഭർത്താവെന്നും മറ്റും അന്ന് റൗണക് ഗുലിയ ദീപക് ശർമ്മയോട് വീമ്പിളക്കി. ദീപക് ഈ കഥയിൽ വീഴുകയും ചെയ്തു. ഒടുവിൽ, അദ്ദേഹം ഗുലിയ കുടുംബവുമായി ഒരു സൗഹൃദം സ്ഥാപിച്ചു. എന്നാൽ, അങ്കിതിനെ കണ്ടിരുന്നില്ല. പിന്നാലെ, 2022 മെയ് മാസത്തിൽ അവരുടെ ഏറ്റവും പുതിയ സപ്ലിമെന്റ് ബ്രാൻഡിന്റെ ഗ്രാൻഡ് ലോഞ്ച് ഇവന്റിലും ദീപക് ശർമ്മ പങ്കെടുത്തു. അവിടെ വച്ചാണ് കമ്പനി ഡയറക്ടർ കൂടിയായ അങ്കിത് ഗുലിയയെ ദീപക് നേരിട്ട് പരിചയപ്പെടുന്നത്.
ഈ വർഷം ജനുവരിയിൽ ദമ്പതികൾ ദീപക് ശർമ്മയോട് തങ്ങളുടെ ബിസിനസ് വൻ ലാഭത്തിലാണ് എന്നും എന്നാൽ അത് വികസിപ്പിക്കാൻ കുറച്ച് മൂലധനം ആവശ്യമുണ്ട് എന്നും പറഞ്ഞു. ലാഭത്തിന്റെ 10-15 ശതമാനമാണ് അവർ ദീപക്കിന് ഓഫർ ചെയ്തത്. ഒപ്പം കമ്പനിയുടെയും പ്രൊഡക്ടിന്റെയും ബ്രാൻഡ് അംബാസിഡറാക്കാമെന്ന വാഗ്ദ്ധാനവും. അതോടെ ദീപക് മുഴുവനായും വീണു. അങ്ങനെ ആദ്യം അക്കൗണ്ടിലൂടെ 43 ലക്ഷവും പിന്നീട് 8 ലക്ഷവും ദമ്പതികൾക്ക് കൈമാറി.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ലാഭത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. അന്വേഷിച്ചപ്പോഴൊക്കെ നിശബ്ദത തന്നെ. പിന്നീടുള്ള അന്വേഷണത്തിലാണ് താൻ പറ്റിക്കപ്പെട്ടു എന്നും താൻ മാത്രമല്ല പറ്റിക്കപ്പെട്ടത് എന്നും ദീപക്കിന് മനസിലാവുന്നത്. പിന്നാലെ കേസ് കൊടുക്കുകയായിരുന്നു അദ്ദേഹം. ഏതായാലും ഗുലിയ ദമ്പതികൾ മുങ്ങി. അന്വേഷണം നടക്കുകയാണ്.