ബെയ്ജിങ്ങോ ഷാങ്‌ഹായിയോ പോലെ അത്രയ്ക്ക് പരിചിതമായ ഒരു പേരല്ല വുഹാൻ എങ്കിലും കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഈ നദീതീരനഗരം ലോകത്തിന്റെ മറ്റെല്ലാഭാഗത്തേക്കും വളരെയധികം കണക്ടിവിറ്റിയുള്ള ഒരു ഗതാഗത കേന്ദ്ര (Transit Point) മാണ്. ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് ലണ്ടൻ നഗരത്തോളം വിസ്തൃതിയുള്ള, വാഷിംഗ്ടൺ ഡിസിയുടെ ഏകദേശം പത്തിരട്ടി വലിപ്പമുള്ള  വുഹാനിൽ അധിവസിക്കുന്നത്. ചൈനയിലെഏറ്റവും വലിയ  ഏഴാമത്തെ നഗരമാണിത്, ലോകത്തിലെ നാല്പത്തി രണ്ടാമത്തേതും. ചൈനയിൽ സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന ഒരു പ്രധാന വേദി കൂടിയാണ് വുഹാൻ. 2019 -ലെ ബാസ്കറ്റ്ബാൾ വേൾഡ് കപ്പ് മത്സരങ്ങൾ അർജന്റീന-നൈജീരിയ മത്സരം അടക്കമുള്ളവ ഇവിടെ വെച്ചാണ് നടന്നത്. 

എവിടെയാണ് വുഹാൻ?

ചൈനയുടെ ഏകദേശം മധ്യഭാഗത്തായി വരും വുഹാൻ. ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വുഹാൻ. ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1927 മുതലാണ് ഈ നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വുചാങ്, ഹാൻകൗ, ഹാൻയാങ് എന്നീ ഉപനഗരനാമങ്ങൾ ചേർത്താണ് വുഹാൻ എന്ന പേരുണ്ടാക്കിയത്.

1920 -കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനവും വുഹാൻ ആയിരുന്നു. ഡസൻ കണക്കിന് ഹൈവേകളും റെയിൽ ട്രാക്കുകളും കടന്നു പോകുന്ന വുഹാൻ അതിന്റെ വ്യാപാര പ്രാധാന്യം കാരണം 'ചൈനയിലെ ഷിക്കാഗോ' എന്നാണ് അറിയപ്പെട്ടിരുന്നത്. യാങ്ത്സി നദിയുടെ തീരത്തായിട്ടാണ് ഈ നഗരം കെട്ടിപ്പടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ലണ്ടൻ, ദുബായ്, പാരീസ് തുടങ്ങി ഒട്ടുമിക്ക നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാനങ്ങളുണ്ട്. 

ചൈനയിലെ വ്യവസായ-വിദ്യാഭ്യാസ കേന്ദ്രം  

ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബവ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാൻ.  നിരവധി ഇൻഡസ്ട്രിയൽ സോണുകളുണ്ടിവിടെ. 5 ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 230 കമ്പനികൾക്ക് ഇവിടെ നിക്ഷേപങ്ങളുണ്ട്. 2 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള വുഹാനിൽ ഏകദേശം ഏഴുലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കൊറോണ വൈറസ് ഉടലെടുത്തത് ഇവിടത്തെ ഒരു ലോക്കൽ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് എങ്കിലും, ഈ നഗരത്തിലെ ജാനബാഹുല്യമാണ് ഈ അസുഖത്തെ ഇത്രകണ്ട് വ്യാപിക്കാൻ ഇടയാക്കിയത്. ഒരു ദിവസം വുഹാനിൽ നിന്ന് വിമാനം കയറി പോയി വരുന്നത് 30,000 ലധികം പേരാണ്. ട്രെയിനുകളും ബസുകളും വഴി വന്നുപോകുന്നവരുടെ എണ്ണം കണ്ടുപിടിക്കുക പ്രയാസമാകും. 

കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് അസുഖത്തെത്തുടർന്ന് വുഹാനിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അത് വുഹാൻ നഗരത്തിന്റെ അവധിക്കാലവ്യാപാരത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ചൈനീസ് കലണ്ടർ പ്രകാരം ഒഴിവുകാലം അടുത്തിരിക്കുകയാണ്. വുഹാൻ നഗരത്തിന്റെ വലിപ്പം, അതിൽ താമസമുള്ള ജനങ്ങളുടെ എണ്ണം, ഒപ്പം അവിടത്തെ സാമ്പത്തികഇടപാടുകളുടെ ബാഹുല്യം - ഇത്രയുമാണ് ഈ മാരകവ്യാധി ഇത്രവലിയ തോതിൽ പടർന്നു പിടിക്കാനുള്ള ഒരു കാരണം. 

ചുരുക്കിപ്പറഞ്ഞാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വുഹാൻ സന്ദർശിച്ച് മടങ്ങിപ്പോയ ആയിരക്കണക്കിന് പേരിൽ പലരും തിരികെ തങ്ങളുടെ നാട്ടിലേക്ക് പോയത് ഈ വൈറസും ബാധിച്ചുകൊണ്ടാണ്. അവർ അത് നാട്ടിലാകെ പകർന്നു നൽകുകയും ചെയ്തു.