'തന്നെ മറ്റൊരു റോബോട്ട് റോബോട്ട് എന്ന് വിളിച്ചത് തനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് യുവാവ് പറയുന്നത്.
ജോലി സംബന്ധമായ അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു യുവാവ് തന്നെ ജോലിക്കെടുക്കാതെ, തനിക്ക് ലഭിച്ച റിജക്ഷൻ മെയിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
സീനിയർ ഫ്രണ്ട് എൻഡ് എഞ്ചിനീയറായിട്ടാണ് യുവാവ് അപേക്ഷിച്ചത്. ആ തസ്തികയിലേക്ക് അയാൾ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്ന് മാത്രമല്ല, തന്നെ ഒരു റോബോട്ട് ആയിരിക്കാം എന്ന് കണക്കാക്കിയാണ് ഹയറിംഗ് ടീം തന്നെ ജോലിക്ക് എടുക്കാതിരുന്നത് എന്നാണ് യുവാവ് പറയുന്നത്.
'സീനിയർ ഫ്രണ്ട്-എൻഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ചതിന് നന്ദി. നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം, നിങ്ങൾ ഒരു റോബോട്ട് ആണെന്നാണ് ഞങ്ങൾ മനസിലാക്കിയിരിക്കുന്നത്. നിങ്ങളുടെ അപേക്ഷയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നില്ല' എന്നായിരുന്നു യുവാവിന് ലഭിച്ച റിജക്ഷൻ മെയിൽ.
ഒരേസമയം കൺഫ്യൂഷനുണ്ടാക്കുന്നതായും തമാശയുണ്ടാക്കുന്നതുമായിട്ടാണ് യുവാവിന് ഈ മെയിൽ അനുഭവപ്പെട്ടത്. 'തന്നെ മറ്റൊരു റോബോട്ട് റോബോട്ട് എന്ന് വിളിച്ചത് തനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് യുവാവ് പറയുന്നത്. താൻ ഒരു റോബോട്ടല്ല എന്ന് തെളിയിക്കുന്നതിനായി ലിങ്ക്ഡ്ഇൻ പ്രൊഫൈലും പോർട്ട്ഫോളിയോയും യുവാവ് ഷെയർ ചെയ്തിട്ടുണ്ട്.
താൻ ഇപ്പോൾ ഒരു കോളേജിലാണ് ജോലി ചെയ്യുന്നത് എന്നും സോഫ്റ്റ്‍വെയർ ഡെവലപ്പറായി തനിക്ക് ആറ് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എന്നും യുവാവ് പറയുന്നു. 'ഞാനൊരു റോബോട്ടല്ല എന്ന് ഞാൻ ഉറപ്പ് തരാം. എന്തുകൊണ്ടാണ് ഞാനൊരു റോബോട്ടാണ് എന്ന് നിങ്ങൾക്ക് തോന്നിയത്. നിങ്ങളൊരു റോബോട്ടല്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ' എന്നാണ് യുവാവ് ചോദിക്കുന്നത്.
യുവാവിന്റെ പോസ്റ്റിന് അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്. എന്തുകൊണ്ടാവും യുവാവിനെ ഒരു റോബോട്ടായി പരിഗണിച്ചത് എന്ന സംശയമാണ് പലരും പങ്കുവച്ചത്.


