ദീപാവലി ദീപങ്ങളുടെ ആഘോഷം പോലെ പടക്കങ്ങളുടെ ആഘോഷം കൂടിയാണ്. എന്നാൽ, ദേശീയ ഹരിത ട്രിബുണലിന്റെ നിർദേശപ്രകാരം, അന്തരീക്ഷ വായുവിന്റെ നിലവാരം മോശമായ ചില നഗരങ്ങളിൽ, ഇത്തവണ പടക്കവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തപ്പെട്ടു. 

എന്നാൽ, നിരോധനമുണ്ടായിരുന്നിട്ടും പലയിടത്തും പടക്കങ്ങൾ വില്‍ക്കപ്പെട്ടു. കാരണം, പലർക്കും ആണ്ടിലൊരിക്കൽ വന്നെത്തുന്ന ആ ദീപാവലി പടക്കക്കച്ചവടം കൊല്ലം മുഴുവൻ അരവയറുണ്ട് കഴിഞ്ഞുകൂടാനുളള ഒരേയൊരു മാർഗം കൂടിയാണ്. അങ്ങനെ ചന്തകളിൽ വന്നു പടക്കം വിൽക്കാനിരുന്ന പലരെയും പൊലീസ് പിടികൂടി കൊണ്ടുപോകുന്ന കാഴ്ചയും മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിലെത്തി ഇക്കുറി. അക്കൂട്ടത്തിൽ ഒരു പൊലീസ് റെയ്ഡിന്റെയും, അറസ്റ്റിന്റെയും ദൃശ്യം അതിലെ കുഞ്ഞുങ്ങളുടെ പ്രതിഷേധ പ്രകടനം കാരണം ഏറെ വൈറലായി പ്രചരിച്ചു. " സാറേ, എന്റെ അച്ഛനെ കൊണ്ടുപോകരുതേ..." എന്ന് അലറിക്കരഞ്ഞുകൊണ്ട് ഒരു കൊച്ചു പെൺകുട്ടി, പൊലീസ് ജീപ്പിന്റെ മേൽ തന്റെ തലയടിച്ചുകൊണ്ട് നടത്തിയ വിലാപം അധികാരികളുടെ പോലും കരളലിയിപ്പിക്കാൻ പോന്നതായിരുന്നു.

ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തത് 'ദ ലല്ലൻടോപ്പ്' ആണ്. നഗരത്തിലെ ഖുർജ്ജ എന്ന പ്രദേശത്തെ, മൂഡാഖേഡാ റോഡിലായിരുന്നു ഈ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ഉന്തുവണ്ടികളിൽ പടക്കങ്ങൾ കൊണ്ടുവന്നു വിൽക്കുകയായിരുന്നു പ്രദേശവാസികളിൽ ചിലർ. ഈ വിവരം അറിഞ്ഞ്, NGT -യുടെ നിർദേശം നടപ്പിലാക്കാൻ വേണ്ടിയാണ് പൊലീസ് സംഘം അവിടേക്കെത്തിയതും, വില്പന നടത്തിയവരെ കസ്റ്റഡിയിൽ എടുത്തതും.  തന്റെ അച്ഛനെ കൊണ്ടുപോകരുതേ എന്ന ആ പെൺകുഞ്ഞിന്റെ നിലവിളി അവഗണിച്ചുകൊണ്ട്, കോൺസ്റ്റബിൾമാർ അവളെ ഒരു വശത്തേക്ക് തള്ളി മാറ്റി, അവളുടെ അച്ഛനെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി.  അതുവഴി കടന്നു പോയ ഏതോ വഴിപോക്കനാണ് ഹൃദയഭേദകമായ ഈ രംഗങ്ങൾ തന്റെ മൊബൈൽ ഫോൺ കാമറയിൽ പകർത്തുന്നതും, സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറലാക്കുന്നതും. 

ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ് അടക്കമുള്ള സകല സാമൂഹികമാധ്യമങ്ങളിലും രണ്ടു ദിവസം കൊണ്ടുതന്നെ വീഡിയോ മില്യൺ കണക്കിന് പേര് കാണുകയും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുമൊക്കെ ഉണ്ടായി. അങ്ങനെ ഈ വിവരം ഉത്തർപ്രദേശിന്റെ അധികാര സിരാകേന്ദ്രമായ ലഖ്‌നൗവിലും എത്തി. അവിടെ നിന്ന് ബുലന്ദ്ഷെഹർ സ്റ്റേഷനിലേക്കും വിളി ചെന്നു. അങ്ങനെയാണ് ഈ സംഭവം ബുലന്ദ് ഷഹർ എസ്എസ്പിയുടെ ശ്രദ്ധയിൽ പെടുന്നതും, അദ്ദേഹം പ്രശ്നപരിഹാര നടപടികളുമായി മുന്നോട്ട് പോകുന്നതും. 

ഈ വിഷയത്തിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഒരു ഹെഡ് കോൺസ്റ്റബിളിനെ അന്വേഷണവിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്ന് എസ്എസ്പി സന്തോഷ് കുമാർ സിംഗ് ലല്ലൻടോപ്പിനോട് പറഞ്ഞു. "കുഞ്ഞിന്റെ അച്ഛനെ അന്നുതന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇങ്ങനെ ഒരു നടപടിക്ക് ദൃക്‌സാക്ഷിയായതിന്റെ പേരിൽ, പൊലീസിനെപ്പറ്റി കുഞ്ഞിന്റെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ട്, അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാൻ വേണ്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും എസ്എസ്പിയും അടക്കമുള്ള ഉന്നത അധികാരികൾ തന്നെ ഈ പെൺകുട്ടിയുടെ വീട് തിരഞ്ഞു ചെന്ന് അവൾക്ക് മധുരം നൽകി, അവളോടൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്തു." എസ്എസ്പി തുടർന്നു.

പൊലീസിന്റെ ജോലി എന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളാണ് എന്ന കാര്യം എസ്എസ്പി സന്തോഷ് കുമാർ സിംഗ് തന്റെ ഉദ്യോഗസ്ഥരെ ഈ സംഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഓർമിപ്പിച്ചു. മുകളിൽ നിന്നുള്ള ഉത്തരവുകൾ പാലിക്കാൻ കീഴുദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്, പക്ഷേ അതെ സമയം പൊതുജനങ്ങളോട് പൊലീസ് മനുഷ്യപ്പറ്റ്റില്ലാതെ പെരുമാറാനും പാടില്ല എന്ന് എസ്എസ്പി പറഞ്ഞു.