മുട്ടിലെ ശസ്ത്രക്രിയയെത്തുടർന്ന് വർക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ച കമ്പനിക്കെതിരെ പ്രതികരിച്ച് സോഫ്റ്റ്‌വെയർ ഡെവലപ്പർ. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെന്നിരിക്കെ, എച്ച്.ആർ അപേക്ഷ തള്ളിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഈ സംഭവം രാജ്യത്തെ തൊഴിൽ നിയമങ്ങളെയും കമ്പനി നയങ്ങളെയും കുറിച്ചുള്ള സംവാദങ്ങൾക്ക് തുടക്കമിട്ടു.
മുട്ടിലെ ശസ്ത്രക്രിയയെത്തുടർന്ന് താത്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ കമ്പനി നിരസിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണന്ന് ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ. ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകളോളം നടക്കാനോ ഓഫീസിലേക്ക് യാത്ര ചെയ്യാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച അപേക്ഷയാണ് കമ്പനിയുടെ എച്ച്.ആർ വിഭാഗം തള്ളിയത്. സംഭവം സോഷ്യൽ മീഡിയയിൽ രാജ്യത്തെ തൊഴിൽ നിയമ ചർച്ചകൾക്ക് വഴിതുറന്നിട്ടു.
'സുഖമില്ലെങ്കിലും വർക്കം ഫ്രം ഹോമില്ല'
തന്‍റെ ജോലി പൂർണ്ണമായും വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണെന്നും ഇത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കില്ലെന്നും ജീവനക്കാരൻ വ്യക്തമാക്കുന്നു. എന്നാൽ കമ്പനിയിൽ വർക്ക് ഫ്രം ഹോം അനുവദിക്കാൻ തക്ക വ്യവസ്ഥകളൊന്നുമില്ലെന്ന് പറഞ്ഞാണ് എച്ച്.ആർ അപേക്ഷ നിരസിച്ചത്. മുൻപ് മറ്റ് ജീവനക്കാർക്ക് 'അഷർ വെർച്വൽ ഡെസ്ക് ടോപ്പ്' വഴി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ടെന്നും, അത്തരം ലൈസൻസിന്‍റെ തുക വേണമെങ്കിൽ സ്വന്തം കൈയിൽ നിന്ന് അടയ്ക്കാമെന്ന് പറഞ്ഞിട്ടും കമ്പനി വഴങ്ങിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവിൽ രാജിക്കത്ത് നൽകി നോട്ടീസ് പീരിയഡിൽ തുടരുന്ന ജീവനക്കാരന് മെഡിക്കൽ ലീവ് എടുക്കുന്നതും തിരിച്ചടിയാണ്. ലീവ് എടുത്താൽ അത് നോട്ടീസ് പീരിയഡ് കാലാവധി നീട്ടാൻ ഇടയാക്കുമെന്നും, പുതിയ ജോലിയിൽ പ്രവേശിക്കുന്ന തീയതിയെ അത് ബാധിക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു.
എന്തിനിത്തരം നിയമങ്ങൾ
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിൽ, ജോലി പൂർത്തിയാക്കാൻ തയ്യാറായിട്ടും താത്കാലികമായി വർക്ക് ഫ്രം ഹോം നിഷേധിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമുണ്ടോ എന്ന് ചോദിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ (Reddit) കുറിപ്പിട്ടത്. എസ്ക്ലീവർ സീറോൺ എന്ന റെഡ്ഡിറ്റ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ആർക്ക് വേണ്ടിയാണ് ഇത്തരം മനുഷ്യത്വ വിരുദ്ധ നിയമങ്ങൾ എന്നായിരുന്നു ഒരു കുറിപ്പ്. ഒരു പക്ഷേ, ഈ വിഷയം കമ്പനി മാനേജ്മെന്‍റ് അറിഞ്ഞ് കാണില്ലെന്നും എച്ച് ആറിനെ പോലെ ഏതെങ്കിലും ഒരാളുടെ തീരുമാനമാകാമെന്നുമായിരുന്നു മറ്റ് ചിലർ കുറിച്ചത്. തൊഴിൽ മേഖലയിലെ ഇത്തരം നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് നെറ്റിസൺസിന്‍റെ ഭാഗത്ത് നിന്നും ഉയരുന്നത്.


