Asianet News MalayalamAsianet News Malayalam

ആരോഗ്യസേതുവും സൊമാറ്റോയും ഓലയും ശേഖരിക്കുന്ന വിവരങ്ങൾ പോലും ശേഖരിക്കുന്നില്ലെന്ന് വാട്സ്ആപ്പ് കോടതിയിൽ

പുതിയ സ്വകാര്യ നയത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ ദില്ലി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച്  വാട്സ് ആപ്പ്.

arogyasetu zomato and Ola dont even collect as much information as they do WhatsApp
Author
India, First Published May 13, 2021, 6:59 PM IST

പുതിയ സ്വകാര്യ നയത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ ദില്ലി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച്  വാട്സ് ആപ്പ്. മറ്റ് പല വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും സമാനമായ സ്വകാര്യതാ നയം ഉണ്ടെന്നും വാട്സ് ആപ്പ് ശേഖരിക്കുന്നതിൽ കൂടുതൽ ഡാറ്റ അവർ ശേഖരിക്കുന്നതായുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.  ചില  ആപ്പുകളെ പേരെടുത്ത് പറഞ്ഞ വാട്സ് ആപ്പ്, തങ്ങളെക്കാൾ കൂടുതൽ ഉപയോക്താക്കളുടെ വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ടെന്നും പറയുന്നു.  സൊമാറ്റോ, ബിഗ്ബാസ്കറ്റ്, ഓല, കോ, ട്രൂകോളർ, ആരോഗ്യസേതു എന്നീ ആപ്പുകളുടെ പേരുകളാണ് പരാതിയിൽ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് എടുത്തുപറയുന്നത്.

ഇൻക്42-നെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് അഞ്ചിനാണ് വാട്സ് ആപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, സൂം ഉൾപ്പെടെയുള്ള പ്രമുഖ ടെക് കമ്പനികളുടെ പേരുകളും വാട്‌സ്ആപ്പ് ഹർജിയിൽ ചുണ്ടിക്കാണിക്കുന്നുണ്ട്. റിപ്പബ്ലിക് ടിവിയുടെ ഡിജിറ്റൽ വിഭാഗവും ഉപയോക്താക്കളുടെ കൂടുതൽ വിവരം ശേഖരിക്കുന്നതായി പരാതിയിൽ പറയുന്നു.

ഇത്തരം കമ്പനികൾ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന് സമാനമായോ അതിൽ കൂടുതലോ രേഖകൾ ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യനയം തെറ്റല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നതു.  പുതിയ സ്വകാര്യതാ നയം പുറത്തിറക്കാൻ അനുവദിച്ചില്ലെങ്കിൽ അത് രാജ്യത്തെ ടെക് കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുത്തും.  പ്രാഥമികമായി, പലചരക്ക് വിതരണവും മറ്റും സുഗമമാക്കുന്ന കമ്പനികളെ ഇത് ബാധിക്കുമെന്ന്  വാട്‌സ്ആപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ജനുവരിയിലാണ് സ്വകാര്യതാ നയത്തിനെതിരെ ദില്ലി ഹൈക്കോടതിയിൽ പരാതിയെത്തിയത്. ഇത് പരിശോധിച്ച കോടതി കൂടുതൽ വിശദീകരണം നൽകാൻ വാട്സ് ആപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. മെയ് 15നാണ് പുതിയ  നയം പുറത്തിറക്കുന്നത്. സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് നഷ്ടമാകില്ലെന്നും എന്നാൽ ചില സൌകര്യങ്ങൾ കുറയുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios