ദക്ഷിണ ദില്ലി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ട്വിറ്ററില്‍ ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവയ്ക്കുകയായിരുന്നു.  'ബോയ്സ് ലോക്കര്‍ റൂം' എന്നാണ് ഈ സൈബര്‍ സംഘത്തിന്‍റെ പേര്.

ദില്ലി: തങ്ങളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ മുഖമില്ലാതെ പ്രകടിപ്പിക്കാനും അതില്‍ ആനന്ദം കണ്ടെത്താനും ശ്രമിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് ഇന്‍റര്‍നെറ്റ്. എന്നാല്‍ ഒരിക്കലും ആര്‍ക്കും എന്തും ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനമല്ല സൈബര്‍ ഇടം. ചിലപ്പോള്‍ എല്ലാം വെളിയിലാകും. ഇത്തരത്തില്‍ ഒരു സംഘത്തിന്‍റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. സംഘം ചേര്‍ന്നുള്ള ബലാത്സംഗത്തിനെ മഹത്വവത്കരിക്കുന്ന യുവാക്കളുടെ സംഘത്തെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പുറത്ത് എത്തിച്ചത്.

ദക്ഷിണ ദില്ലി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ട്വിറ്ററില്‍ ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവയ്ക്കുകയായിരുന്നു. 'ബോയ്സ് ലോക്കര്‍ റൂം' എന്നാണ് ഈ സൈബര്‍ സംഘത്തിന്‍റെ പേര്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് എന്നീ ആപ്പുകള്‍ വഴിയാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. തങ്ങളുടെ പ്രയത്തിലുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവയില്‍ കമന്‍റുകളും തങ്ങളുടെ ലൈംഗിക വൈകൃതങ്ങളും പ്രകടിപ്പിക്കുക എന്നതാണ് ഗ്രൂപ്പിലെ പ്രധാന പ്രവര്‍ത്തനം. 17 മുതല്‍ 18 വയസ് വരെയുള്ള കൗമരക്കാരാണ് ഗ്രൂപ്പില്‍ ഭൂരിഭാഗവും.

ഗ്രൂപ്പിനെ പുറത്ത് എത്തിച്ച പെണ്‍കുട്ടി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു - ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം 'ബോയിസ് ലോക്കര്‍ റൂം' എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ്ചാറ്റ് റൂമായ ഇതിന്‍റെ പേര്. ഇതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്‍റെ സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ഈ ഗ്രൂപ്പിലുണ്ട്. ഞാനും എന്‍റെ സുഹൃത്തും ഇത് കണ്ടെത്തിയതോടെ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം വിട്ടു.

Scroll to load tweet…

എന്തായാവും സംഭവം ട്വീറ്റ് വിവാദമായതോടെ സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം നടത്തും എന്നാണ് വിവരം. പെണ്‍കുട്ടിയുടെ ട്വീറ്റുകളില്‍ നിന്ന് തന്നെ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ വ്യക്തമാണെന്നും. അതിനാല്‍ അതിവേഗം നടപടി വേണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.