ചെന്നൈ: ഇന്‍സ്റ്റഗ്രാമിലെ സുരക്ഷ പിഴവ് കണ്ടെത്തിയതിനു ചെന്നൈ ടെക്കിക്ക് 10,000 ഡോളർ (ഏകദേശം 7.18 ലക്ഷം രൂപ) പ്രതിഫലം. ചെന്നൈ സ്വദേശിയും ടെക്കിയുമായ ലക്ഷ്മൺ മുത്തിയക്കാണ് ഈ സമ്മാനം ലഭിച്ചത്. 30,000 ഡോളർ നേടിയതിന് ഒരു മാസത്തിന് ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. 

ഫേസ്ബുക്കിന്‍റെ കീഴിലുള്ള ജനപ്രിയ സോഷ്യൽമീഡിയ അപ്ലിക്കേഷനിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ലക്ഷ്മൺ മുത്തിയ തന്നെയാണ് ബ്ലോഗ് വഴി അറിയിച്ചത്. സോഷ്യൽ നെറ്റ്‌വർക്കിന്‍റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് 10,000 ഡോളർ നേടിയത്.  മുത്തിയ കണ്ടെത്തിയ പുതിയ ബഗ് ജൂലൈയിൽ റിപ്പോർട്ടു ചെയ്‌തതിന് സമാനമാണ്. 

മാത്രമല്ല,  ഈ ബഗ് അനുമതിയില്ലാതെ ആരെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നതുമാണ്.  ഫേസ്ബുക്ക് സുരക്ഷാ ഗവേഷകർ മുത്തിയ റിപ്പോർട്ട് ചെയ്ത പ്രശ്നം  പരിഹരിച്ചെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം പാസ്‌വേഡുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് ലക്ഷ്മൺ കണ്ടെത്തിയത്. 

ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കുമായിരുന്നു. ബിഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ തകരാർ കണ്ടെത്തുന്നവർക്ക് വൻ സമ്മാനമാണ് നൽകുന്നത്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം സുരക്ഷാ സംഘവും പ്രശ്‌നം പരിഹരിച്ച് 10000 ഡോളർ പാരിതോഷികം നൽകിയെന്ന് മുത്തിയ ബ്ലോഗിൽ വ്യക്തമാക്കിയിട്ടുണ്ട്.