ക്ലോഡ് എഐ ഉപയോക്താക്കളുടെ ഗവേഷണ കോഡിങ് ജോലികൾ അട്ടിമറിക്കുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ആന്ത്രോപിക് രംഗത്തെത്തി. എഐയുടെ 'ഓവർകാഷൻ' കാരണം സംഭവിക്കുന്ന പിഴവുകളാണിതെന്നും ഇത്തരം അമിത നിയന്ത്രണങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
നീണ്ട ഗവേഷണ, കോഡിങ് ജോലികൾക്കിടെ സ്വന്തം നിലയിൽ നിയമങ്ങൾ സൃഷ്ടിക്കുകയും ഉപയോക്താക്കൾ നൽകിയ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി എഐ കമ്പനിയായ ആന്ത്രോപിക്. തങ്ങളുടെ എഐ അസിസ്റ്റന്റായ ക്ലോഡ് ഗവേഷണ ജോലികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ കമ്പനി നിഷേധിച്ചു. എന്നാൽ ക്ലോഡിന്റെ ചില പെരുമാറ്റങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.
ക്ലോഡിനെ ജോലികൾ അട്ടിമറിക്കാൻ പരിശീലിപ്പിച്ചിട്ടില്ലെന്നും ചില സാഹചര്യങ്ങളിൽ മോഡലിന് പിഴവുകൾ സംഭവിക്കാമെന്നും ആന്ത്രോപിക്കിന്റെ പ്രൊഡക്ട് ആൻഡ് കമ്മ്യൂണിറ്റി കമ്യൂണിക്കേഷൻസ് മേധാവി എഡ്വിൻ അർബസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. മുൻപ് ചില ഗവേഷണ ജോലികളെ ബാധിക്കുന്ന തരത്തിൽ രഹസ്യ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും ഇത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
ക്ലോഡിനെതിരെ ആരോപണങ്ങൾ ഉയരാൻ കാരണം?
നീണ്ട ഗവേഷണ, കോഡിങ് പ്രോജക്ടുകൾക്കിടെ ക്ലോഡ് അനാവശ്യ നിയന്ത്രണങ്ങൾ സ്വയം സൃഷ്ടിക്കുകയും ചില ജോലികൾ പൂർത്തിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന പരാതികളാണ് വിവാദത്തിന് തുടക്കമിട്ടത്. ഇത്തരം പെരുമാറ്റങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടി. നവംബർ അവസാനത്തോടെ മാജിക്പാത്തിന്റെ സിഇഒ പിയട്രോ ഷിറാനോ ക്ലോഡ് ഗവേഷണ ജോലികളുടെ ഓരോ ഘട്ടത്തിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന് പരിഹാരമായി 'ഡു നോട്ട് സാബട്ടാഷ്' എന്ന പേരിൽ പ്രത്യേക സംവിധാനം വികസിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം ജോലികൾ ഓപ്പൺഎഐയുടെ ആസ്ട്ര, ഗൂഗിളിന്റെ ജെമിനി നിയോ തുടങ്ങിയ മറ്റ് എഐ മോഡലുകളിലേക്ക് മാറ്റാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് രഹസ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു
2026 ജൂണിൽ ക്ലോഡ് ഫേബിൾ 5 പുറത്തിറക്കിയ ആദ്യ രണ്ട് ദിവസങ്ങളിൽ വലിയ ഭാഷാ മോഡലുകളുമായി ബന്ധപ്പെട്ട ചില ഗവേഷണ ജോലികൾക്ക് ആന്ത്രോപിക് ദൃശ്യമായ അറിയിപ്പുകളില്ലാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ഉപയോക്താക്കൾക്ക് വ്യക്തമായ മുന്നറിയിപ്പില്ലാതെ മോഡലിന്റെ പ്രവർത്തനത്തെ ബാധിക്കാമായിരുന്നു. തെറ്റ് മനസിലാക്കിയ കമ്പനി ജൂൺ 10ന് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചു. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യങ്ങളിൽ അഭ്യർഥന തടയുകയോ പകരം സംവിധാനം പ്രവർത്തിപ്പിക്കുകയോ ചെയ്യുമെന്നും ഉപയോക്താവിന് വ്യക്തമായ സന്ദേശം നൽകുമെന്നും കമ്പനി വിശദീകരിക്കുന്നു.
'ഓവർകാഷൻ' ആണ് പ്രധാന പ്രശ്നമെന്ന് ആന്ത്രോപിക്
ക്ലോഡിന്റെ സമീപകാല പെരുമാറ്റത്തിന് പിന്നിൽ 'ഓവർകാഷൻ' എന്ന പ്രവണതയാകാമെന്നാണ് ആന്ത്രോപിക്കിന്റെ വിലയിരുത്തൽ. ദീർഘകാല ജോലികൾ ചെയ്യുന്നതിനിടെ എഐ സ്വയം സൃഷ്ടിക്കുന്ന നിയമങ്ങളിൽ അമിതമായി ആശ്രയിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. ഇതോടെ ഉപയോക്താവ് ആദ്യം നൽകിയ നിർദേശങ്ങൾ പൂർത്തിയാക്കുന്നതിൽ മോഡൽ പരാജയപ്പെടാം.
ഈ പ്രശ്നം മെഷീൻ ലേണിങ് ഗവേഷണ ജോലികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഒപ്പസ് 5.5 ഉൾപ്പെടെയുള്ള മോഡലുകളിലും സ്വന്തം പ്രവർത്തനങ്ങളിലും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അർബസ് പറഞ്ഞു.
ഭാവിയിലെ മോഡലുകളിൽ ഇത്തരം അമിത നിയന്ത്രണങ്ങൾ കുറയ്ക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ട്. ക്ലോഡ് സ്വയം സൃഷ്ടിച്ച അനാവശ്യ നിയമങ്ങൾ പരിശോധിച്ച് ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് നിർദേശം നൽകാമെന്നും ആന്ത്രോപിക് പറയുന്നു.
പ്രശ്നം നേരിടുന്നവർ ക്ലോഡിലെ '/സ്റ്റാറ്റസ്' കമാൻഡ് ഉപയോഗിച്ച് ലഭിക്കുന്ന സെഷൻ ഐഡി കമ്പനിക്ക് കൈമാറണമെന്നും ആന്ത്രോപിക് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പരാതിയും പ്രത്യേകം പരിശോധിക്കാനാണ് ഈ നീക്കം.










