ന്യൂയോര്‍ക്ക്: ലാഭരഹിത കമ്പനികളും, സംഘടനകളും മറ്റും ഉപയോഗിച്ചിരുന്ന ഡോട്ട് ഓആര്‍ജി (.org) ഡൊമെയ്ന്‍ പേര് ഇനി സ്വകാര്യ കമ്പനിക്ക് സ്വന്തം. ഡൊമെയ്നുകളുടെ ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന അന്താരാഷ്ട്ര ഏജന്‍സി ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍റ് നമ്പേര്‍സ് (ഐസിഎഎന്‍എന്‍) അനുമതി നല്‍കിയതോടെയാണ് ഇതുവരെ ഒരു സന്നദ്ധ സംഘടനയുടെ കീഴിലുണ്ടായിരുന്ന ഡോട്ട് ഓആര്‍ജി എത്തോസ് ക്യാപിറ്റല്‍ എന്ന സ്വകാര്യ സ്ഥാപനം വാങ്ങിയത്.

ഓര്‍ഗനൈസേഷന്‍ എന്നതിന്‍റെ ചുരുക്കമാണ് .ORG എന്നത്. 1985 ല്‍ രൂപം നല്‍കിയ ഈ ഡൊമെയ്ന്‍. 2003 മുതല്‍ അനുവദിച്ചിരുന്നത് പബ്ലിക്ക് ഇന്‍ററസ്റ്റ് റജിസ്ട്രി ആയിരുന്നു. ആദ്യം ലാഭ രഹിത സ്ഥാപനങ്ങളെയും, സംഘടനകളെയും ഉദ്ദേശിച്ചാണ് ഇത് ഉണ്ടാക്കിയെങ്കിലും പിന്നീട് ഇത് എടുത്തു കളഞ്ഞു. സര്‍വകലാശാലകള്‍, വിദ്യാലയങ്ങള്‍, എന്‍ജിഒകള്‍ എന്നിവയാണ് പ്രധാനമായും .ORG ഡൊമെയ്ന്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് ലോകത്ത് ഒരു കോടിയോളം സൈറ്റുകള്‍ ഈ ഡൊമെയ്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്.

ലാഭരഹിത സംഘടനകള്‍ക്ക് വേണ്ടി എന്ന ആശയം ഉള്ളതിനാല്‍ .ORG ഡൊമെയ്ന് വില കുറവായിരുന്നു. എന്നാല്‍ പുതിയ അവസ്ഥയില്‍ സ്ഥിതിമാറും എന്നാണ് റിപ്പോര്‍ട്ട്.  .ORG  ഡൊമെയ്ന്‍ സ്വന്തമാക്കിയ എത്തോസ് ക്യാപിറ്റല്‍ ഇതിന്‍റെ വിലകൂട്ടിയേക്കാം.  എന്നാല്‍ ഇത്തരം വാദങ്ങളെ തള്ളിയാണ് ഐസിഎഎന്‍എന്‍ ഈ കൈമാറ്റത്തിന് അംഗീകാരം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം ഈ ഇടപാട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ചില ടെക് വിദഗ്ധര്‍ ഐസിഎഎന്‍എന് പരാതി നല്‍കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സൊസേറ്റിയുടെ .ORG വില്‍ക്കാനുള്ള തീരുമാനം മണ്ടത്തരം എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ അവസാനം രൂപീകരിക്കപ്പെട്ട കമ്പനിയാണ് എത്തോസ് ക്യാപിറ്റല്‍  എന്നാണ് മറ്റൊരു ആരോപണം. ഇവര്‍ നവംബര്‍ ആദ്യം .ORG വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

എത്തിയോസ് ക്യാപ്റ്റല്‍സിന്‍റെ ചില ഉന്നതര്‍ മുന്‍പ് ഐസിഎഎന്‍എന്നില്‍ പ്രവര്‍ത്തിച്ചവരാണ് എന്നാണ് സെര്‍ച്ച് എഞ്ചിന്‍ ജേര്‍ണല്‍ പോലുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിഎഎന്‍എന്നില്‍ പ്രവര്‍ത്തിച്ചവരും എത്തിയോസും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചാര്‍ട്ടും മറ്റും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. 

എന്തായാലും ഡൊമെയ്ന്‍ വില്‍പ്പന 2020 ഓടെ മാത്രമേ പൂര്‍ണ്ണമായും പൂര്‍ത്തിയാകൂ എന്നാണ് ഇന്‍റര്‍നെറ്റ് സൊസേറ്റി അറിയിക്കുന്നത്. അതായത് ഇപ്പോഴുള്ള .ORG റജിസ്ട്രേഷനുകള്‍ക്ക് 2020 ആദ്യപാദം വരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെങ്കിലും. അത് കഴിഞ്ഞ് നിരക്കില്‍ അടക്കം അവ്യക്തതയുണ്ട്.