Asianet News MalayalamAsianet News Malayalam

ധ്രുവ് രത്തെയുടെ വിലക്ക് പിന്‍വലിച്ച് ഫേസ്ബുക്ക്; തെറ്റിദ്ധാരണയെന്ന് വിശദീകരണം

ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എന്‍ഗേജ്‌മെന്‍റ് റേറ്റുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന തന്റെ പേജ് ഈ ഘട്ടത്തില്‍ വിലക്കിയതിന് പിന്നില്‍ യാദൃശ്ചികതയില്ലെന്നാണ് ധ്രുവ് രത്തെ ആരോപിച്ചിരുന്നു

Facebook blocks YouTuber Dhruv Rathee page month before Lok Sabha polls restores it later
Author
New Delhi, First Published Mar 19, 2019, 7:04 AM IST

ദില്ലി: യുവ രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് രത്തെക്ക് മുപ്പത് ദിവസത്തേക്ക് ഏര്‍പ്പെടുത്തി  വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച സന്ദേശം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ധ്രുവ് വിലക്ക് നീക്കിയ കാര്യം സ്ഥിരീകരിച്ചത്. മുപ്പത് ദിവസത്തേക്ക് തന്നെ  ഫേസ്ബുക്ക് വിലക്കിയെന്ന്  കാണിച്ച് തിങ്കളാഴ്ച രാവിലെയാണ് ധ്രുവ് രത്തെ ട്വീറ്റ് ചെയ്തത്.

തെരഞ്ഞെടുപ്പിന് 30 നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കുന്നത് മോദിയുടെ ഔദ്യോഗിക പേജ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന പേജുകളുടെ എന്‍ഗേജ്‌മെന്‍റ് റേറ്റുകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന തന്റെ പേജ് ഈ ഘട്ടത്തില്‍ വിലക്കിയതിന് പിന്നില്‍ യാദൃശ്ചികതയില്ലെന്നാണ് ധ്രുവ് രത്തെ ആരോപിച്ചിരുന്നു. ഈ ട്വീറ്റ് വലിയ ചര്‍ച്ചയായതോടെയാണ് ഫേസ്ബുക്ക് ധ്രുവിന്‍റെ ഫേസ്ബുക്ക് പേജ് പുനസ്ഥാപിച്ചത്.

ജര്‍മ്മന്‍ ഫാസിസ്റ്റ് ഭരണാധികാരി ഹിറ്റ്‌ലറുടെ ജീവചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ധ്രുവ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വിലക്കിന് കാരണമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ‘ചുവന്ന വരയില്‍ താന്‍ രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കൂ’ എന്ന് പറഞ്ഞായിരുന്നു ചില പാരഗ്രാഫുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു് ഫേസ്ബുക്ക് ധ്രുവിന്റെ പേജിന് വിലക്കേര്‍പ്പെടുത്തിയത്. 

ഫേസ്ബുക്കിന്‍റെ നയങ്ങള്‍ക്കെതിരാണ് പ്രസ്തുത പോസ്റ്റ് എന്ന് പറഞ്ഞാണ് പേജിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ആക്ഷേപകരമോ അപമാനകരോ ആയ ഒരു വാക്കുപോലും ആ പോസ്റ്റില്‍ ഇല്ലെന്നും ധ്രുവ് വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണകള്‍കൊണ്ടാണ് വിലക്ക് സംഭവിച്ചതെന്നും പരിശോധനകള്‍ക്ക് ശേഷം പേജ് പുനസ്ഥാപിച്ചെന്നും ഒരു തരത്തിലുള്ള ബ്ലോക്കുകളും പേജിനില്ലെന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന് ഖേദം അറിയിക്കുന്നെന്നുമായിരുന്നു ഫേസ്ബുക്ക് ധ്രുവ് രത്തെയ്ക്ക് നല്‍കിയ മറുപടി. 

മോദി സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി വിമര്‍ശിക്കുന്ന പ്രധാന ഐക്കണ്‍ ആണ് ധ്രുവ്.  നോട്ടുനിരോധനം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം ഹാക്കിങ് തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളെയെല്ലാം വിമര്‍ശിച്ച് ധ്രുവ് വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios