Asianet News MalayalamAsianet News Malayalam

ഒറ്റ ലുക്കില്‍ ടിക്ക്ടോക്കിനെ ഓര്‍മിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് ; പുതിയ അപ്ഡേഷന്‍ അടുത്തയാഴ്ച മുതല്‍

എതിരാളികളായി എത്തുന്ന സമൂഹ മാധ്യമ കമ്പനികളെ പണം കൊടുത്ത് സ്വന്തമാക്കുകയോ, അല്ലെങ്കില്‍ അതേ ഫീച്ചര്‍ തന്നെ പകര്‍ത്തുകയോ ചെയ്യുക എന്ന വിദ്യയാണ് മെറ്റ ഇക്കുറിയും അപ്ഡേറ്റിന്റെ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

facebook make over soon look like tiktok
Author
New York, First Published Jul 24, 2022, 3:28 AM IST

ന്യൂയോര്‍ക്ക്: അടിമുടി മാറ്റങ്ങളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന അപ്ഡേഷനുകളാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയയാണ് മെറ്റ. 

എതിരാളികളായി എത്തുന്ന സമൂഹ മാധ്യമ കമ്പനികളെ പണം കൊടുത്ത് സ്വന്തമാക്കുകയോ, അല്ലെങ്കില്‍ അതേ ഫീച്ചര്‍ തന്നെ പകര്‍ത്തുകയോ ചെയ്യുക എന്ന വിദ്യയാണ് മെറ്റ ഇക്കുറിയും അപ്ഡേറ്റിന്റെ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഇത്തവണ ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കം തിരയുന്ന രീതിയാണ് മാറ്റുന്നത്. തങ്ങളുടെ പ്രധാന എതിരാളികളിലൊരാളായ ടിക്ക് ടോക്കിനെയാണ് ഇക്കുറി ഫേസ്ബുക്ക് അനുകരിക്കുന്നത്.  

പുതിയ അപ്ഡേറ്റ് വരുന്നതോടെ  ഫേ‌സ്ബുക്ക് ആപ്പില്‍ ഫീഡ്സ് എന്ന പേരില്‍ പുതിയ ടാബ് ഉണ്ടാകും.  പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ഫീഡുകള്‍ ഇതിലുണ്ടാകും. ഇവയെല്ലാം കൂട്ടിയിണക്കിയുള്ള ഓള്‍ സെക്ഷനും ഇതിലുണ്ടാവും.  പുതിയ അപ്ഡേഷന്‍ വരുന്നതോടെ ഉപയോക്താവിന് താല്‍പര്യമുള്ള സുഹൃത്തുക്കളേയും പേജുകളും ഗ്രൂപ്പുകളും മാത്രം ഉള്‍പ്പെടുത്തി ഫേവറൈറ്റ് ലിസ്റ്റ് തയ്യാറാക്കാനാകും. 

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്ന പേജ് ഹോം പേജെന്നാണ് ഇനി അറിയപ്പെടുക.കൂടാതെ ഫേ‌സ്ബുക്കിന്റെ അല്‍ഗൊരിതവും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി എഞ്ചിന്‍ നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളായിരിക്കും ഇതിലുണ്ടാകുന്നത്. റീല്‍സ് നിര്‍മിക്കാനും ഇനി മിനക്കെടേണ്ട. ഹോം പേജില്‍ തന്നെ റീല്‍സ് നിര്‍മിക്കാനാകും.  സുഹൃത്തുക്കളൊക്കെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പം ഫേ‌സ്ബുക്ക് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളും  ഇക്കൂട്ടത്തില്‍ ഉണ്ടാകും. 

ടിക്ക്ടോക്കിലെ 'ഫോര്‍ യൂ' വിഭാഗത്തെ നോക്കിയാണ് പുതിയ അപ്ഡേഷനെന്നും പറയപ്പെടുന്നു.  വൈറലാവുന്ന ഉള്ളടക്കങ്ങളും ആളുകള്‍ കൂടുതല്‍ കാണുകയും ഇടപഴകുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് 'ഫോര്‍ യൂ' വിലുള്ളത്. ഈ ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് ജനപ്രിയ ഉള്ളടക്കങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. മെഷീന്‍ ലേണിങും, അല്‍ഗൊരിതവും ഉപയോഗിച്ചാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. 

ഇതോടെ ഹോം പേജ് തുറന്നാല്‍ ഇനി വീഡിയോകളുടെ നീണ്ട നിരയായിരിക്കും ഉപയോക്താവിനെ കാത്തിരിക്കുന്നത്. ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത പേജുകള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആര്‍ട്ടിക്കിളുകളും ഫോട്ടോകളും ഹോം പേജിലെ ഉള്ളടക്കങ്ങളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേബുക്ക് ആപ്പിലെ പുതിയ അപ്‌ഡേറ്റ് അടുത്തയാഴ്ച തന്നെ ആഗോള തലത്തില്‍ ലഭ്യമാക്കും.

ഫേസ്ബുക്കിനോട് ഇന്ത്യയിലെ സ്ത്രീകൾ കൂടുതലായി ബൈ പറയുന്നു; കാരണം വെളിപ്പെടുത്തി ഫേസ്ബുക്ക്

'ധൈര്യമുണ്ടെങ്കിൽ റോട്ടിൽ കൂടി ഓടിച്ചു കാണിക്കടാ'; ഇൻഡിഗോ ഫേസ്ബുക്ക് പേജ് നിറച്ച് മലയാളം കമന്‍റും ട്രോളും

Latest Videos
Follow Us:
Download App:
  • android
  • ios