ന്യൂയോര്‍ക്ക്: അടുത്തിടെയായി ടെക് ഭീമന്മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗം. നേരത്തെ ഗൂഗിള്‍ സ്റ്റേഡിയ എന്ന പേരിലും ആമസോണ്‍ ലൂണ എന്ന പേരിലും ഇത്തരം ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വഴിക്ക് നീങ്ങുകയാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്.  ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ് ഫേസ്ബുക്കിന്‍റെ പുതിയ സേവനത്തിന്‍റെ പേര്.

"ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാം. അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ല" -ഫേസ്ബുക്ക് ഗെയിമിംഗ്  എന്തെന്ന് വിശദീകരിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് വ്യക്തമാക്കി.

ആന്‍ഡ്രോയ്ഡിലും വെബിലും ഒരു പോലെ കളിക്കാവുന്നതാണ് ഈ ഗെയിമുകള്‍, ഫ്രീ ടു പ്ലേ മോഡില്‍ ബീറ്റ പതിപ്പാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. fb.gg/play എന്ന വിലാസത്തില്‍ ഗെയിമുകള്‍ കളിക്കാം. അതേ സമയം ഈ സേവനം ഇപ്പോള്‍ ഐഒഎസില്‍ ലഭ്യമായിട്ടില്ല. Asphalt 9, Adventure by Moonton, PGA TOUR Golf തുടങ്ങിയ നിരവധി ഗെയിമുകള്‍ ഇപ്പോള്‍ തന്നെ ഇതില്‍ ലഭ്യമാണ്.