ഫ്ലിപ്‍കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് 2026 വിൽപ്പന ഒക്ടോബർ 9-ന് ആരംഭിച്ചേക്കുമെന്ന് സൂചന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 8-ന് നേരത്തെ പ്രവേശനം ലഭിച്ചേക്കാം. ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10% വരെ ഇളവ് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളിലൊന്നായ ഫ്ലിപ്‍കാർട്ടിന്റെ ബിഗ് ബില്യൺ ഡേയിസ് വിൽപ്പനയ്ക്ക് അടുത്ത മാസം തുടക്കമായേക്കുമെന്ന് സൂചന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം 2026ലെ ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 9ന് ആരംഭിച്ചേക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുമ്പ്, അതായത് ഒക്ടോബർ 8ന് തന്നെ വിൽപ്പനയിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒക്ടോബർ 9 മുതൽ ബിഗ് ബില്യൺ വിൽപ്പന?

എക്സ് ഉപയോക്താവായ @എക്സ്_അപ്_ഡേറ്റ് പങ്കുവച്ച സ്ക്രീൻഷോട്ടിലാണ് വിൽപ്പനയുടെ തീയതി സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. ഫ്ലിപ്‍കാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന ചിത്രത്തിൽ ബിഗ് ബില്യൺ ഡേയ്സ് 2026 വിൽപ്പന ഒക്ടോബർ 9ന് ഇന്ത്യയിൽ ആരംഭിക്കുമെന്ന് കാണിക്കുന്നു. ഫ്ലിപ്‍കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ 8 മുതൽ തന്നെ വിൽപ്പനയിൽ പ്രവേശിക്കാമെന്നും സ്ക്രീൻഷോട്ടിൽ പറയുന്നു. എന്നാൽ ഫ്ലിപ്‍കാർട്ട് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10% വരെ ഇളവ്?

ചോർന്ന വിവരങ്ങൾ പ്രകാരം ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ യോഗ്യമായ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 10% വരെ തൽക്ഷണ ഇളവ് ലഭിച്ചേക്കും. എന്നാൽ ഇളവ് ലഭിക്കാൻ ആവശ്യമായ ഇടപാട് തുക, പരമാവധി ലഭിക്കുന്ന ഡിസ്‍കൌണ്ട്, ഏതൊക്കെ കാർഡുകൾക്ക് ഓഫർ ബാധകമാകും തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ വർഷം ലഭിച്ചത് വമ്പൻ ഓഫറുകൾ

2025ലെ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെപ്റ്റംബർ 23നാണ് ആരംഭിച്ചത്. പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തേ വിൽപ്പനയിൽ പ്രവേശിക്കാനുള്ള അവസരവും നൽകിയിരുന്നു. ആപ്പിൾ, സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികളുടെ സ്‍മാർട്ട്ഫോണുകൾക്ക് പുറമെ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് അന്ന് ലഭിച്ചത്. പരിമിത സമയ ഓഫറുകൾ, പ്രത്യേക ഡീലുകൾ, ഫെസ്റ്റീവ് റഷ് അവേഴ്സ് തുടങ്ങിയവയും വിൽപ്പനയുടെ ഭാഗമായി ഉണ്ടായിരുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ 10 ശതമാനം വരെ ഇളവും ലഭിച്ചിരുന്നു.

പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ

ഫ്ലിപ്‍കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് നേരത്തെയുള്ള പ്രവേശനത്തിനൊപ്പം കൂടുതൽ ബാങ്ക് ഓഫറുകളും അധിക സൂപ്പർകോയിൻ റിവാർഡുകളും കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. സ്ഥിരം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സമാനമായ അംഗത്വ ആനുകൂല്യങ്ങൾ ഈ വർഷവും കമ്പനി നൽകാൻ സാധ്യതയുണ്ട്.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം

അതേസമയം, 2026ലെ ബിഗ് ബില്യൺ ഡേയിസിന്റെ തീയതികളും ഓഫറുകളും ഫ്ലിപ്‍കാർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങൾ മാറാനുള്ള സാധ്യതയുമുണ്ട്. അതിനാൽ കൃത്യമായ തീയതി, ബാങ്ക് ഓഫറുകൾ, പങ്കെടുക്കുന്ന ബ്രാൻഡുകൾ, ഉൽപ്പന്നങ്ങളുടെ വിലക്കുറവ് എന്നിവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫ്ലിപ്‍കാർട്ടിൽ നിന്ന് വരുന്നതുവരെ ഉപഭോക്താക്കൾ കാത്തിരിക്കേണ്ടതാണ്.