ഗൂഗിൾ എർത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ദൃശ്യങ്ങൾ മാറ്റാൻ അനുവദിച്ച 'നാനോ ബനാന 2' എന്ന പുതിയ ഫീച്ചർ ഗൂഗിൾ പിൻവലിച്ചു. ഉപയോക്താക്കൾ ഗാസയിലെ ബോംബ് സ്ഫോടനം പോലുള്ള യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ചതോടെ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നടപടി.
അവതരിപ്പിച്ച് മണിക്കൂറുകൾക്കകം ഗൂഗിൾ എർത്തിന്റെ പുതിയ ഫീച്ചർ പിൻവലിച്ച് ടെക്ക് ഭീമനായ ഗൂഗിൾ. ഉപയോക്താക്കൾ സൃഷ്‍ടിച്ച യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ചയാണ് ഗൂഗിൾ എർത്തിൽ ‘നാനോ ബനാന 2’ എന്ന നിർമിത ബുദ്ധി സംവിധാനം അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഉപഗ്രഹ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും പുതിയ ഘടകങ്ങൾ ചേർക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ഈ സൗകര്യം.
ലോകത്തെ പുതിയ രീതിയിൽ സങ്കൽപ്പിക്കാനും പഴയ കാല ദൃശ്യങ്ങൾ പുനഃസൃഷ്‍ടിക്കാനും ഈ ഫീച്ചർ സഹായിക്കുമെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. എന്നാൽ ഫീച്ചർ ലഭ്യമായതിന് പിന്നാലെ നിരവധി പേർ ഇത് ഉപയോഗിച്ച് വ്യാജവും ആശയക്കുഴപ്പം സൃഷ്‍ടിക്കാൻ സാധ്യത ഉള്ളതുമായ ചിത്രങ്ങൾ നിർമിച്ചു.
ഗാസയിൽ ബോംബ് കുഴിയും ഇറാനിൽ ആണവ നിലയവും
എഐ ഗവേഷകനായ ഹെൻക് വാൻ എസ്, ഈ ഫീച്ചർ ഉപയോഗിച്ച് ഇറാനിൽ ഒരു ആണവ നിലയവും ഗാസയിലെ ഒരു ആശുപത്രിക്ക് സമീപം ബോംബ് പതിച്ചതുപോലുള്ള ദൃശ്യവും സൃഷ്‍ടിച്ചതായി അറിയിച്ചു. ഇത്തരം ചിത്രങ്ങൾ യഥാർഥമാണെന്ന് തെറ്റിദ്ധരിച്ചാൽ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ അഭയാർഥികളുടെ തിരക്ക് കാണിക്കുന്ന വ്യാജ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. ഗൂഗിൾ എർത്ത് കഴിഞ്ഞ 20 വർഷമായി ലോകം ആശ്രയിക്കുന്ന ഭൂമിശാസ്ത്ര വിവരങ്ങളുടെ പ്രധാന ഉറവിടമാണെന്നും ഇപ്പോൾ അതിൽ വ്യാജ ദൃശ്യങ്ങൾ സൃഷ്‍ടിക്കാനുള്ള സൗകര്യം ചേർന്നത് ആശങ്കാജനകമാണെന്നും ഹെൻക് വാൻ എസ് പറഞ്ഞു.
9/11 ആക്രമണത്തിന് സമാനമായ വ്യാജ ചിത്രങ്ങളും പുറത്ത്
ഈ ഫീച്ചർ ഉപയോഗിച്ച് ചിലർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമായ 9/11 സംഭവത്തിന് സമാനമായ വ്യാജ ചിത്രങ്ങളും നിർമിച്ചു. ഗൂഗിൾ എർത്ത് ഗവേഷകർക്കും ഓപ്പൺ സോഴ്സ് ഡാറ്റകൾ ശേഖരിക്കുന്ന ഗവേഷണ വിദഗ്ധർക്കും പ്രധാനപ്പെട്ട ഒരു ടൂളാണ്. നഗര വികസനം, പരിസ്ഥിതി മാറ്റങ്ങൾ തുടങ്ങിയവ വർഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് പഠിക്കാൻ ഇത് സഹായിക്കുന്നു.
കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും
വ്യാജ വിവരങ്ങളുടെ വ്യാപനം തടയാൻ കൂടുതൽ ശക്തമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുവരെ ഈ ഫീച്ചർ പിൻവലിക്കുകയാണെന്ന് ഗൂഗിൾ അറിയിച്ചു. “ലോകത്തെക്കുറിച്ചുള്ള വിശ്വസനീയമായ കാഴ്ചയ്ക്കായി ആളുകൾ ഗൂഗിൾ എർത്തിനെ ആശ്രയിക്കുന്നു. ഈ സൗകര്യം പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്നവരുണ്ടെങ്കിലും, ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായി തോന്നുന്ന നിർമിത ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടു,” എന്ന് ഗൂഗിൾ പ്രസ്‍താവനയിൽ വ്യക്തമാക്കി.
എഐ ഉപയോഗിച്ച് സൃഷ്‍ടിച്ച ചിത്രങ്ങൾ തിരിച്ചറിയാൻ ‘സിന്ത് ഐഡി’ സംവിധാനം ഉപയോഗിക്കാമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ‘നാനോ ബനാന’ ഉപയോഗിച്ച് സൃഷ്‍ടിച്ച ചിത്രങ്ങൾ നിർമിത ബുദ്ധി സൃഷ്‍ടികളാണെന്ന് തിരിച്ചറിയുന്നതിൽ ഈ സംവിധാനത്തിനും പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. വ്യാജ ദൃശ്യങ്ങൾ എളുപ്പത്തിൽ സൃഷ്‍ടിക്കാൻ കഴിയുന്ന കാലത്ത് നിർമിത ബുദ്ധി ഉപകരണങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നത് സാങ്കേതിക കമ്പനികൾ നേരിടുന്ന വലിയ വെല്ലുവിളിയായി മാറുകയാണ് എന്ന് ഈ പുതിയ സംഭവം തെളിയിക്കുന്നു.


