ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്തെ പ്രധാനകമ്പനികളായ പേടിഎം, ഫോണ്‍ പേ അടക്കം വിവിധ ഓഫറുകള്‍ ദീപാവലി സീസണില്‍ നല്‍കിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയ കീഴടക്കിയത് ഗൂഗിള്‍ പേ കളക്ഷന്‍ തന്നെയാണെന്ന് പറയാം. 

ദില്ലി: ഈ ദീപാവലി ശരിക്കും ഓണ്‍ലൈനില്‍ മുതലെടുത്തത് ഗൂഗിളിന്‍റെ പേമെന്‍റ് ആപ്പായ ഗൂഗിള്‍ പേ ആണെന്ന് പറയാം. ഇതിനകം തന്നെ വലിയ പ്രതികരണമാണ് ഗൂഗിള്‍ പേയുടെ ദീപാവലി കളക്ഷന്‍ നേടി 251 രൂപ നേടാം എന്ന ഓഫറിന് ലഭിക്കുന്നത്. ശരിക്കും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുന്നത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 31വരെ ഉണ്ടാകും.

ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്തെ പ്രധാനകമ്പനികളായ പേടിഎം, ഫോണ്‍ പേ അടക്കം വിവിധ ഓഫറുകള്‍ ദീപാവലി സീസണില്‍ നല്‍കിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയ കീഴടക്കിയത് ഗൂഗിള്‍ പേ കളക്ഷന്‍ തന്നെയാണെന്ന് പറയാം. ദീപം, രംഗോലി, ജുംമ്ക, ഫ്ലവര്‍ എന്നിവയൊക്കെ നേടി 251 രൂപ നേടാം എന്നതാണ് ഈ ഓഫര്‍. ഈ സ്റ്റാംമ്പുകള്‍ ലഭിക്കാന്‍ ഒന്നിക്കല്‍ ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുകയോ, റീചാര്‍ജ് ചെയ്യുകയോ വേണം. ഇതെല്ലാം ശേഖരിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31ന് 251 രൂപ അക്കൗണ്ടില്‍ എത്തും. അത് കൂടാതെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ലക്കി വിന്നര്‍ക്ക് ഇതിലും വലിയ സമ്മാനം കാത്തിരിക്കുന്നു.

5 ദീപാവലി സ്റ്റംമ്പുകള്‍ ശേഖരിക്കും, നിങ്ങളുടെ സമ്മാനം കെട്ടഴിക്കൂ എന്നാണ് ഒക്ടോബര്‍ 21ന് ഗൂഗിള്‍ പേ ട്വിറ്റ് ചെയ്തത്. മെഗാ സമ്മാനം ഒരു ലക്ഷം രൂപയാണ്. വിളക്കുകള്‍ സ്കാന്‍ ചെയ്താന്‍ വിളക്ക് സ്റ്റാമ്പ് കിട്ടും. മറ്റുള്ളവ സ്ക്രാച്ച് കാര്‍ഡ്, പേമെന്‍റ് എന്നിവയിലൂടെ ലഭിക്കും. മൊത്തം പത്ത് ലക്ഷം രംഗോലി, ഫ്ലവര്‍ സ്റ്റാമ്പുകളും ലഭ്യമാണെന്ന് ഗൂഗിള്‍ പേ പറയുന്നു.

അതേ സമയം തന്നെ സ്റ്റാമ്പുകള്‍ കയ്യിലുള്ളവര്‍ക്ക് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. ഒപ്പം തന്നെ തന്‍റെ കയ്യില്‍ ഒരു സ്റ്റാമ്പിന്‍റെ കുറവുണ്ട് അത് നല്‍കാമോ എന്ന് മറ്റുള്ളവരോട് ചോദിക്കാം. ഈ ഫീച്ചര്‍ വന്നതോടെയാണ് പ്രധാനമായും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ അപേക്ഷയും, യാചിക്കലും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്. നിങ്ങള്‍ ഈ ദീപാവലിക്ക് ഞങ്ങളെ ശരിക്കും യാചകരാക്കി എന്നാണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചത്. പ്രധാനമായും രംഗോലി എന്ന സ്റ്റാമ്പ് ആര്‍ക്കും ലഭ്യമല്ലെന്നാണ് ഈ പോസ്റ്റുകളില്‍ നിന്നെല്ലാം മനസിലാകുന്നത്. #StampsWaliDiwali എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്. രംഗോലി കിട്ടിയാല്‍ 251 രൂപ കിട്ടും എന്നതാണ് പലരുടെയും അവസ്ഥ.