പ്ലേ സ്റ്റോർ കൂടുതൽ കുടുംബ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങള്‍ എന്നാണ് ഗൂഗിൾ അവകാശവാദം. നിലവിലെ ആപ്പുകളിൽ അടുത്ത 30 ദിവസത്തിനകം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. 

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ഗൂഗിള്‍. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആൻഡ്രോയിഡ് പ്ലേ സ്റ്റോർ നിയമങ്ങൾ മൂലം പല ആപ്പുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകും. ആപ് വഴിയുള്ള സെക്സ് ഉള്ളടക്കത്തിന്‍റെ വിതരണം, തട്ടിപ്പുകൾ, കഞ്ചാവ് വിൽപന എന്നിവയ്ക്കെല്ലാം പൂർണമായും നിയന്ത്രണമേർപ്പെടുത്തിയാണ് പുതിയ പരിഷ്കാരം.

പ്ലേ സ്റ്റോർ കൂടുതൽ കുടുംബ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങള്‍ എന്നാണ് ഗൂഗിൾ അവകാശവാദം. നിലവിലെ ആപ്പുകളിൽ അടുത്ത 30 ദിവസത്തിനകം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. ഇതുപ്രകാരം നിലവിലെ ആപ്പുകളിലെ ലൈംഗിക ഉള്ളടക്കം, വിദ്വേഷഭാഷണം, കഞ്ചാവ് വിൽപന ലിങ്കുകൾ എന്നിവ ഒഴിവാക്കേണ്ടിവരും.

സെക്സ് കണ്ടെന്റ് വിതരണം, കഞ്ചാവ് വിൽപന തുടങ്ങി ചിലതെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിയമപരമാണ്. എന്നാൽ ഇനിമുതൽ അത്തരം ഉള്ളടക്കങ്ങൾ പ്ലേസ്റ്റോറിൽ വേണ്ടെന്ന തീരുമാനത്തിലാണ് ഗൂഗിൾ. അമേരിക്കയിൽ ആപ് വഴി കഞ്ചാവ് വിൽപന വ്യാപകമാണ്. ഇവിടത്തെ ഏറ്റവും വലിയൊരു ബിസിനസ് കൂടിയാണ് ഓൺലൈൻ കഞ്ചാവ് വിൽപന.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ച നിരവധി ആപ്ലിക്കേഷനുകൾ നേരത്തെയും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമം കര്‍ശനമാക്കാനാണ് ഗൂഗിള്‍ നീക്കം.