ന്യൂയോര്‍ക്ക്: നേരത്തെ ഗൂഗിളില്‍ ഒരു കാര്യം, വ്യക്തി, സ്ഥാപനം എന്നിവയെ സെര്‍ച്ച് ചെയ്യുമ്പോള്‍. പ്രധാന സെര്‍ച്ച് റിസല്‍ട്ടുകള്‍ക്ക് താഴെയായി അവയുമായി ബന്ധപ്പെട്ട അവസാനം വന്ന ട്വീറ്റുകളും കാണിക്കുമായിരുന്നു. ഇത്തരത്തില്‍ ഒരു ട്വിറ്റര്‍ ബോക്സുകള്‍ ബ്രൌസ് ചെയ്യുന്നവര്‍ക്ക് എളുപ്പമായിരുന്നു.

എന്നാല്‍ കുറച്ച് ദിവസമായി ഇത്തരം ട്വീറ്റുകള്‍ ലഭിക്കുന്നത് ഗൂഗിള്‍ ഒഴിവാക്കി. എന്നാല്‍ ഇത് താല്‍ക്കാലിമായാണെന്നാണ് സൂചന. ട്വിറ്ററിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തരം ഒരു ഒഴിവാക്കല്‍ എന്നാണ് സൂചന. ഇത് സംബന്ധിച്ച് ആന്‍ഡ്രോയ്ഡ് പൊലീസ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോള്‍ ഗൂഗിള്‍ വക്താവ് ഇത് സ്ഥിരീകരിച്ചു.

ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പറഞ്ഞത് ഇതാണ്, താല്‍ക്കാലികമായി ആദ്യത്തെ സെര്‍‍ച്ചില്‍ ലഭിക്കുന്ന ട്വിറ്റര്‍ ഫലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്, ട്വിറ്ററിന് സംഭവിച്ച ചില സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്തത്. കൂടുതല്‍ സുരക്ഷ റിവ്യൂകള്‍ നടത്തി വീണ്ടും ഈ ഫീച്ചര്‍ തിരിച്ചെത്തിക്കും.

ബിറ്റ്‌കോയിന്‍ കുംഭകോണത്തില്‍ ഉയര്‍ന്ന അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ആക്രമിച്ചതാണ് സംഭവത്തിനു നിദാനം. ഇതിനെത്തുടര്‍ന്നു ട്വിറ്റര്‍ കടുത്ത ഡാറ്റാ ലംഘനം നേരിട്ടതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സംഭവം ട്വിറ്റര്‍ കണ്ടെത്തി അതു പരിഹരിച്ചിരുന്നു. തുടര്‍ന്നു ഇക്കാര്യങ്ങള്‍ കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് വഴി മുഴുവന്‍ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കി. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വ്യക്തികളുടെയടക്കം അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ടെസ്ല സിഇഒ എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണകാരികള്‍ ഹാക്ക് ചെയ്തു.