ദില്ലി: ബിജെപി ദില്ലി ഘടകത്തിന്‍റെ ഹാക്ക് ചെയ്ത വെബ് സൈറ്റ് നിയന്ത്രണം തിരിച്ചുപിടിച്ച് ബിജെപി. കേന്ദ്രത്തില്‍‌ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് തൊട്ടുമുന്‍പായിരുന്നു ഹാക്കിംഗ്. ഹാക്കിംഗിന് ശേഷം സൈറ്റിന്‍റെ ഹോം പേജില്‍ മാറ്റങ്ങള്‍ വരുത്തി. വെബ്‌സൈറ്റിലെ നിരവധി പേജുകളില്‍ മാറ്റം വരുത്തി പകരം ബീഫിന്റെ വ്യത്യസ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കുറിപ്പുകളാണ് ഹാക്ക് ചെയ്തവര്‍ എഴുതി ചേര്‍ത്തത്. 

ഒപ്പം 'ഹാക്ക്ഡ് ബൈ Shadow_V1P3R' എന്ന സന്ദേശവും അയച്ചിട്ടുണ്ടായിരുന്നു. വെബ്‌സൈറ്റിന്‍റെ ഹോം പേജില്‍ ബിജെപി എന്നതില്‍ മാറ്റം വരുത്തി പകരം ബീഫ് എന്നാക്കിയിട്ടുണ്ട്. ഉദാഹരണമായി ബി.ജെ.പിയെകുറിച്ച് കൂടുതല്‍ അറിയുക എന്ന ഭാഗത്ത് ബീഫിനെ കുറിച്ച് എന്നും ബിജെപിയുടെ ചരിത്രം എന്നുള്ളിടത്ത് ബീഫിന്‍റെ ചരിത്രം എന്നും മാറ്റം വരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

എന്നാല്‍ ഏഴുമണിയോടെ ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് 9 മണിയോടെ ബിജെപി ഐടി സെല്ല് തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാര്‍ച്ചില്‍ ഇത്തരത്തില്‍ ബിജെപി ദേശീയ സൈറ്റിലും ഹാക്കിംഗ് നടന്നിരുന്നു. പിന്നീട് സൈറ്റ് രണ്ട് ആഴ്ചയില്‍ ഏറെ എടുത്താണ് പുനസ്ഥാപിച്ചത്.