ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ച ഇലക്ട്രീഷ്യൻമാർ പോലുള്ള ബ്ലൂ കോളർ ജോലികൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നു. എഐ മോഡലുകൾക്ക് ആവശ്യമായ കൂറ്റൻ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും വിദഗ്ദ്ധരായ തൊഴിലാളികളെ ആവശ്യമായതിനാൽ ഇവർക്ക് കോടികളുടെ വാർഷിക വരുമാനമാണ് ലഭിക്കുന്നത്.

ർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ച ലോകത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്‍ടിക്കുന്നത്. എഐ ഉപകരണങ്ങളുടെ വ്യാപനം കാരണം നിരവധി വൈറ്റ് കോളർ ജോലികൾക്ക് വെല്ലുവിളി നേരിടുമ്പോൾ, സാങ്കേതിക രംഗവുമായി നേരിട്ട് ബന്ധപ്പെട്ട ചില ബ്ലൂ കോളർ ജോലികൾക്ക് വൻ ഡിമാൻഡാണ് ഇപ്പോൾ ലഭിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഇലക്ട്രീഷ്യൻമാരുടെ മേഖലയാണ്.

‘ഡേർട്ടി ജോബ്‍സ്’ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനും സ്ഥാപകനുമായ മൈക്ക് റോവിന്റെ അഭിപ്രായത്തിൽ, സിലിക്കൺ വാലിയിലെ എഐ കമ്പനികൾ പരിചയസമ്പന്നരായ ജനറേഷൻ സെഡ് ഇലക്ട്രീഷ്യൻമാർക്ക് കോടികളുടെ വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്സസിലെ പ്ലാനോയിലുള്ള ഒരു ഡാറ്റാ സെന്ററിൽ താൻ കണ്ടുമുട്ടിയ 30 വയസിന് താഴെയുള്ള ഇലക്ട്രീഷ്യൻമാർക്ക് വർഷത്തിൽ ഏകദേശം 2.3 കോടി രൂപ മുതൽ 2.7 കോടി രൂപ വരെ (2,40,000 മുതൽ 2,80,000 ഡോളർ വരെ) വരുമാനം ലഭിക്കുന്നുണ്ട് എന്നാണ് ‘പവർ പ്ലെയേഴ്സ്’ പോഡ്‍കാസ്റ്റിൽ സംസാരിക്കുന്നതിനിടെ റോവ് പറഞ്ഞത്. ഈ തൊഴിലാളികൾക്ക് വലിയ വിദ്യാഭ്യാസ വായ്‍പകളുടെ ബാധ്യത ഇല്ലെന്നും അധിക സമയം ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റോവ് പറഞ്ഞു. മികച്ച കഴിവുകളുള്ള ഈ തൊഴിലാളികളെ മറ്റ് കമ്പനികൾ നിരന്തരം സമീപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എഐ കമ്പനികൾക്ക് ഇലക്ട്രീഷ്യൻമാരെ എന്തിനാണ് ആവശ്യം?

എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ വൻതോതിലുള്ള ഡാറ്റാ സെന്ററുകളാണ് ആവശ്യമായത്. ആയിരക്കണക്കിന് ജിപിയു ചിപ്പുകൾ ഉപയോഗിക്കുന്ന ഈ കേന്ദ്രങ്ങൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും വലിയ തോതിൽ വൈദ്യുതി സംവിധാനങ്ങൾ ആവശ്യമാണ്. ഇതാണ് ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ, നിർമാണ മാനേജർമാർ തുടങ്ങിയ തൊഴിലാളികളുടെ ആവശ്യകത വർധിപ്പിച്ചത്.

അമേരിക്കയിൽ ഡാറ്റാ സെന്റർ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സാധാരണ നിർമാണ ജോലികളേക്കാൾ ഏകദേശം 32 ശതമാനം അധിക വരുമാനം ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലും ഡാറ്റാ സെന്റർ മേഖല വേഗത്തിൽ വളരുമെന്നാണ് പ്രതീക്ഷ. വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ ഗൂഗിൾ എഐ ഹബ് പദ്ധതിയും റിലയൻസ് ജിയോയുമായി സഹകരിച്ച് മെറ്റയുടെ ഡാറ്റാ സെന്റർ പദ്ധതികളും ഇതിന് ഉദാഹരണങ്ങളാണ്.

ലോകമെമ്പാടും ഡാറ്റാ സെന്‍റർ നിർമാണ മേഖല തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലയായി മാറിയിരിക്കുകയാണ്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഡാറ്റാ സെന്റർ മേഖലയിലെ തൊഴിൽ ഒഴിവുകൾ 64 ശതമാനം വർധിച്ചതായും വൈദ്യുതി സാങ്കേതിക വിദഗ്ധർക്കുള്ള ഒഴിവുകൾ 180 ശതമാനത്തിലധികം ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എഐയുടെ വളർച്ചയോടെ എല്ലാ ജോലികളും ഇല്ലാതാകുന്നില്ലെന്നും മറിച്ച് പുതിയ തരത്തിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും ഈ സാഹചര്യം വ്യക്തമാക്കുന്നു. പ്ലംബർമാർ, മെക്കാനിക്കുകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയ നൈപുണ്യ തൊഴിലുകൾക്കും ഇപ്പോൾ വലിയ ഡിമാൻഡാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.