അമേരിക്കൻ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച വാവെയ് ഇപ്പോഴിതാ ഗൂഗിൾ മാപ്സിനും ഒരു എതിരാളിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു  സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം വികസിപ്പിക്കുകയാണ് വാവെയ് എന്നാണ് റിപ്പോർട്ട്. 

നാൽപ്പതോളം ഭാഷകളിൽ പ്രവർത്തിക്കുന്ന പുതിയ മാപ്പ് സർവ്വീസ് ഒക്ടോബറിൽ തന്നെ അവതരിപ്പിച്ചേക്കുമെന്ന് ചൈന ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ഹാർമണി ഓഎസ് എന്ന പേരിൽ ആൻഡ്രോയിഡിന് ബദലായി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യപിച്ചതിന് പിന്നാലെയാണ് വാവെയ് മാപ്പ് കിറ്റും അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആദ്യ ഘട്ടത്തിൽ ഡെവലപ്പർമാർക്ക് മാത്രമായിരിക്കും മാപ്പ് കിറ്റ് ലഭ്യമാക്കുകയെന്നാണ് റിപ്പോർട്ട്. 

യുഎസ്  നീക്കങ്ങളുടെ ഭാഗമായി ഭാവിയിൽ ഗൂഗിൾ മാപ്പ് സേവനങ്ങൾ അപ്രാപ്യമായാൽ പോലും പിടിച്ചു നിൽക്കാനാണ് വാവെയ് മാപ്പ് കിറ്റ് നിർമ്മിക്കുന്നതെന്ന് വ്യക്തമാണ്. ആൻഡ്രോയിഡിലും ഗൂഗിളിലുമുള്ള ആശ്രയത്വം കുറയ്ക്കുകയാണ് വാവെയുടെ ലക്ഷ്യം. ഗൂഗിളിന് മാത്രമാണ് വിശ്വസ്തവും ശക്തവുമായ മാപ്പ് സംവിധാനം ഇത് വരെ അവതരിപ്പിക്കാനായിട്ടുള്ളത് ഏറെ സമയവും നിക്ഷേപവും നടത്തിയാണ് ഗൂഗിൾ മാപ്പ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. 

2012ൽ ആപ്പിൾ  സ്വന്തം മാപ്പ് ആപ്പ് അവതരിപ്പിച്ചുവെങ്കിലും ഗൂഗിൾ മാപ്പിനെ വെല്ലാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്.