ദില്ലി: വാട്‍സ് ആപ്പിലെ ഗുരുതര പ്രശ്നം കണ്ടെത്തിയ ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് ആദരം. ഉപയോഗിക്കുന്ന വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വാട്‍സ് ആപ്പിലെ പിഴവ് കണ്ടെത്തിയ മണിപ്പൂര്‍ സ്വദേശി സോണല്‍ സൗഗെയ്ജം എന്ന ഇരുപത്തിരണ്ടുകാരനെ ഫേസ്ബുക്കിന്‍റെ ഹാള്‍ ഓഫ് ഫെയിം 2019ലേക്ക് ഉള്‍പ്പെടുത്തി. സോഷ്യല്‍ മീഡിയ അവാര്‍ഡായി ഏകദേശം 3.4 ലക്ഷം രൂപയും സോണലിന് ലഭിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

വാട്സ് ആപ്പില്‍ കൂടെ വോയ്സ് കോള്‍ ചെയ്യുന്ന സമയത്ത് അനുവാദമില്ലാതെ തന്നെ ഒരാള്‍ക്ക് അത് വീഡിയോ കോള്‍ ആയി മാറ്റാമെന്നുള്ള ഗുരുതര പിഴവാണ് സോണല്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയ 96 പേരില്‍ 16-ാം സ്ഥാനത്താണ് സോണല്‍. കഴിഞ്ഞ മാര്‍ച്ചിലാണ് വാട്ട്‍സ് ആപ്പില്‍ ഇങ്ങനെ ഒരു പിഴവ് ഉള്ളതായി സോണല്‍ ഫേസ്ബുക്കിനെ അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഫേസ്ബുക്ക് സുരക്ഷ വിഭാഗം നന്ദി അറിയിച്ച് സന്ദേശം അയച്ചു. തൊട്ടടുത്ത 15-20 ദിവസം കൊണ്ട് ഈ പിഴവ് പരിഹരിക്കുകയും ചെയ്തു. 2014ല്‍ ആണ് ഫേസ്ബുക്ക് വാട്‍സ് ആപ്പിനെ ഏറ്റെടുത്തത്.