അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾക്കും തെറ്റായ വിവര പ്രചാരണങ്ങൾക്കുമായി ഇറാൻ ചാറ്റ്ജിപിടി പോലുള്ള പാശ്ചാത്യ എഐ മോഡലുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. സൈബർ ആക്രമണങ്ങൾ കൂടാതെ, യുദ്ധഭൂമിയിലെ തീരുമാനങ്ങൾ വേഗത്തിലാക്കാനും ഡ്രോൺ മാർഗനിർദേശ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഇറാൻ എഐ ഉപയോഗിക്കുന്നു.
ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ അമേരിക്കയുടെ ഉപരോധങ്ങളും മറ്റ് സമ്മർദ്ദനടപടികളും തുടരുന്ന സാഹചര്യത്തിൽ സൈബർ യുദ്ധത്തിലും അമേരിക്കൻ വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിലും ഇറാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും തെറ്റായ വിവര പ്രചാരണങ്ങൾക്കും ഇറാൻ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ പാശ്ചാത്യ എഐ മോഡലുകൾ ഉപയോഗിക്കുന്നതായി ഫിനാൻഷ്യൽ ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ ഹാക്കർമാർ എഐയുടെ സഹായത്തോടെ മാൽവെയർ വികസിപ്പിക്കാനും ഹീബ്രു, അറബിക് ഭാഷകളിൽ ഫിഷിംഗ് സന്ദേശങ്ങൾ തയ്യാറാക്കാനും ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വ്യാജ ഓൺലൈൻ വ്യക്തിത്വങ്ങൾ സൃഷ്ടിച്ച് വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും ഇവർ എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ ആദ്യം സാധാരണ സംഭാഷണങ്ങളിലൂടെ വിശ്വാസം നേടിയ ശേഷം ദോഷകരമായ ലിങ്കുകളോ വിവരാവശ്യങ്ങളോ പങ്കുവയ്ക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
ഇസ്രായേലിൽ അടുത്തിടെ ഫിഷിംഗ് ഇമെയിലുകളുടെയും സന്ദേശങ്ങളുടെയും വ്യാപനം വർധിച്ചതായും ചില സന്ദേശങ്ങളിൽ ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ക്ഷണിക്കുന്ന ഉള്ളടക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിദിനം അഞ്ച് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നതായി യുഎഇ അറിയിച്ചിട്ടുണ്ട്. ഇതിൽ ചില ആക്രമണങ്ങൾ എഐ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയതാണെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.
ടെക്ക് കമ്പനികളും ഈ ഭീഷണിയെ ഗൗരവത്തോടെ കാണുന്നുണ്ട്. ഗൂഗിളിന്റെ കണ്ടെത്തലുകൾ പ്രകാരം, ഇറാനുമായി ബന്ധമുള്ള എപിടി42 (APT42) എന്ന ഹാക്കർ സംഘം ജെമിനി എഐ ഉപയോഗിച്ച് വിവിധ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സൈബർ ആക്രമണങ്ങൾക്ക് പുറമെ, യുദ്ധഭൂമിയിലെ തീരുമാനമെടുക്കൽ വേഗത്തിലാക്കാനും ഡ്രോൺ മാർഗനിർദേശ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുമാണ് ഇറാൻ എഐ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, എഐ ഉപയോഗിച്ച് വിദേശ സൈനിക പഠനങ്ങളും ഗവേഷണങ്ങളും അതിവേഗം വിവർത്തനം ചെയ്ത് വിശകലനം ചെയ്യാനും കഴിയുന്നുണ്ട്.
പ്രചാരണ രംഗത്തും എഐയ്ക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്നതും ഇറാന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതുമായ എഐ സൃഷ്ടിച്ച വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ യുദ്ധരംഗത്തും സൈബർ സുരക്ഷാ മേഖലയിലും എഐയുടെ സ്വാധീനം വേഗത്തിൽ വർധിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്.


