ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ. വോഡഫോണ്‍ ഐഡിയയെ പിന്‍തള്ളിയാണ് 331.3 ദശലക്ഷം ഉപയോക്താക്കളുമായി ജിയോ ഇന്ത്യന്‍ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനക്കാരായത്. ജൂണ്‍ 2019 മാസത്തിലെ കണക്ക് പ്രകാരം ഐഡിയ വോഡഫോണ്‍ വരിക്കാരുടെ എണ്ണം 320 ദശലക്ഷമാണ്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് കൊല്ലം തികയുന്നതിന് മുന്‍പേയാണ് ജിയോയുടെ നേട്ടം.

റിലയന്‍സ് ഇന്‍റസ്ട്രീസ് സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം അവരുടെ കീഴിലുള്ള റിലയന്‍സ് ജിയോയുടെ ജൂണ്‍ 2019വരെയുള്ള ഉപയോക്താക്കളുടെ എണ്ണം 331.3 ദശലക്ഷമാണ്. കഴിഞ്ഞ മെയ് മാസം ഭാരതി എയര്‍ടെല്ലിനെ പിന്നിലാക്കി ജിയോ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായിരുന്നു. എയര്‍ടെല്ലിന് 320.3 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഇവരുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് ഷെയര്‍ 27.6 ശതമാനമാണ്.

ഇതേ സമയം 2019-20 സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ 334 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്ന ഐഡിയ വോഡഫോണിന് ഒന്നാം പാദം പിന്നിടുമ്പോള്‍ തന്നെ വലിയതിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 14 ദശലക്ഷം പേരാണ് നെറ്റ്വര്‍ക്ക് ഉപേക്ഷിച്ചത് എന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍വീസ് വാലിഡിറ്റി ബൗച്ചറുകള്‍ ഏര്‍പ്പെടുത്തിയതാണ് ഉപയോക്താക്കളുടെ എണ്ണം കുറയാന്‍ കാരണം എന്നാണ് ഐഡിയ വോഡഫോണ്‍ ഇത് സംബന്ധിച്ച് പറയുന്നത്. ഐഡിയയുടെ വോഡഫോണും ഒന്നിച്ചപ്പോള്‍ കമ്പനിക്ക് 400 ദശലക്ഷത്തോളം കണക്ഷനുകളാണ് ഉണ്ടായിരുന്നത്.