മുംബൈ: ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ മാത്രമായി പുതിയ പാക്കേജ് അവതരിപ്പിച്ചു. 199 രൂപയ്ക്കാണ് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പ്ലാന്‍ ബുധനാഴ്ച നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചത്. ഇത് ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടാനാണ് പുതിയ നീക്കത്തിലൂടെ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നത്. അടുത്തിടെ നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള യുഎസ്എയില്‍ വരിക്കാരുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യയിലെ നീക്കം.

മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്‍ഘകാല പ്ലാനാണ്. ഇപ്പോള്‍ നെറ്റ്ഫ്ലിക്സിന്‍റെ പ്ലാനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാനുള്ള അവസരം ലഭ്യമാണ്. നേരത്തെ 250 രൂപയ്ക്ക് ആരംഭിക്കുന്ന പ്ലാന്‍ ആയിരിക്കും ഇതെന്നാണ് വാര്‍ത്ത വന്നിരുന്നത്. നെറ്റ് ഫ്ലിക്സ് ഈ പ്ലാനാണ് ഇപ്പോള്‍ 199 രൂപയ്ക്ക് ലഭ്യമാകുക. 

ഈ പ്ലാന്‍ എടുക്കുന്ന ഉപയോക്താവിന് നെറ്റ്ഫ്ലിക്സ് വീഡിയോകള്‍ ഡെസ്ക്ടോപ്, പിസി, സ്മാര്‍ട്ട് ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് എന്നിവയില്‍ ലഭിക്കില്ല. മാത്രമല്ല സ്ട്രീം ക്വാളിറ്റി സ്റ്റാന്‍റേര്‍ഡ് ഡെഫനിഷന്‍‌ 480 പി റെസല്യൂഷനിലായിരിക്കും. ഒരു അക്കൗണ്ടില്‍ മാത്രമേ വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കൂ. 

ഇന്ത്യില്‍ നെറ്റ്ഫ്ലിക്സിന്‍റെ ബേസിക് പ്ലാന്‍ ഇതുവരെ ആരംഭിച്ചത് 499 രൂപ മാസം എന്ന നിരക്കിലായിരുന്നു. മറ്റ് സ്ട്രീമിംഗ് ആപ്പുകളായ ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍ എന്നിവയെ വച്ച് നോക്കുമ്പോള്‍ ഇത് വളരെ കൂടുതലായിരുന്നു. അതിനാല്‍ തന്നെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നെറ്റ്ഫ്ലിക്സ് ബുദ്ധിമുട്ടുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറമേയാണ് കുറഞ്ഞ നിരക്കിലെ പ്ലാന്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചത്. അടുത്തിടെ ലൈല, സെക്രട്ട് ഗെയിംസ് തുടങ്ങിയ ഇന്ത്യന്‍ പരമ്പരകളും, നിരവധി സിനിമകളുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ സജീവ സാന്നിധ്യമാകുവാനുള്ള ശ്രമത്തിലാണ്.