സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് കാഴ്ചക്കാരെ കൂട്ടാൻ ഒമ്പതുവയസുകാരൻ അച്ഛന്റെ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവാക്കിയത് 1.13 കോടി രൂപ. 'മൈറ്റി മൈക്ക് പ്ലേയ്സ്' എന്ന ഗെയിമിംഗ് ചാനലിന്റെ പരസ്യങ്ങൾക്കായാണ് മൂന്ന് ആഴ്ചകൊണ്ട് കുട്ടി ഇത്രയും വലിയ തുക ചെലവഴിച്ചത്.

വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കണമെന്ന ആഗ്രഹത്തിൽ അച്ഛന്റെ കമ്പനിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒമ്പതുവസുകാരൻ ചെലവഴിച്ചത് ഏകദേശം 1.13 കോടി രൂപ. ഒമ്പതുവയസുകാരനായ മൈക്കാണ് യൂട്യൂബ് പരസ്യങ്ങൾക്കായി 1,18,000 ഡോളർ, അതായത് ഏകദേശം 1.13 കോടി രൂപ ചെലവഴിച്ചതായി അമേരിക്കൻ മാധ്യമങ്ങളെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മൈക്കിന്റെ യൂട്യൂബ് ചാനൽ

‘മൈറ്റി മൈക്ക് പ്ലേയ്സ്’ എന്ന പേരിലാണ് കുട്ടി യൂട്യൂബ് ചാനൽ നടത്തുന്നത്. മൈൻക്രാഫ്റ്റ്, റോബ്ലോക്സ് തുടങ്ങിയ ഗെയിമുകളുടെ ദൃശ്യങ്ങളാണ് പ്രധാനമായും ചാനലിൽ പങ്കുവയ്ക്കുന്നത്. വീഡിയോകൾക്ക് വേണ്ടത്ര കാഴ്ചക്കാർ ലഭിക്കാത്തതിൽ മൈക്ക് നിരാശനായിരുന്നു. ഇതോടെ അച്ഛനായ ഡേവ് മകന് യൂട്യൂബ് പരസ്യങ്ങൾ എങ്ങനെ നൽകാമെന്ന് പഠിപ്പിച്ചു. 20 ഡോളറിന്റെ ഒരു ചെറിയ പരസ്യ പ്രചാരണത്തിലൂടെ ബജറ്റ് നിശ്ചയിക്കുന്നതും പ്രേക്ഷകരെ തിരഞ്ഞെടുക്കുന്നതും പരസ്യം ആരംഭിക്കുന്നതുമെല്ലാം ഡേവ് മകനെ പഠിപ്പിച്ചു. എന്നാൽ ബജറ്റിന്റെ പരിധി സംബന്ധിച്ച പാഠം മൈക്ക് വേണ്ടത്ര മനസിലാക്കിയില്ലെന്നാണ് ഡേവ് പറയുന്നത്.

മൂന്ന് ആഴ്ചയ്ക്കിടെ വൻ തുക

അടുത്ത മൂന്ന് ആഴ്ചയ്ക്കിടെ മൈക്ക് സ്വന്തം നിലയിൽ യൂട്യൂബിന്റെ പരസ്യ സംവിധാനത്തിലേക്ക് കയറി നിരവധി പരസ്യ പ്രചാരണങ്ങൾ ആരംഭിച്ചതായാണ് ഡേവ് പറയുന്നത്. ഡേവിന്റെ കമ്പനിയുടെ ക്രെഡിറ്റ് കാർഡ് നേരത്തെ തന്നെ ഗൂഗിൾ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നതിനാൽ ഓരോ പുതിയ പരസ്യ പ്രചാരണത്തിന്റെയും തുക നേരിട്ട് ആ കാർഡിൽനിന്ന് ഈടാക്കിയെന്നാണ് അവകാശവാദം. “കൂടുതൽ പണം ചെലവഴിച്ചാൽ കൂടുതൽ കാഴ്ചക്കാർ ലഭിക്കുമെന്നാണ് അവൻ കരുതിയത്,” സംഭവത്തെക്കുറിച്ച് മൈക്കിന്റെ ചാനലിൽ പങ്കുവച്ച വീഡിയോയിൽ ഡേവ് വിശദീകരിച്ചു.

മാനേജരുടെ മുറിയിലേക്ക് വിളിപ്പിച്ചു

പരസ്യച്ചെലവിനെക്കുറിച്ച് ഡേവ് അറിയുന്നത് കമ്പനിയിലെ മാനേജർ, മറ്റ് ഉദ്യോഗസ്ഥർ, ധനകാര്യ വിഭാഗം എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചപ്പോഴാണെന്നും അദ്ദേഹം പറയുന്നു. മൂന്ന് ആഴ്ചയ്ക്കിടയിലെ പരസ്യച്ചെലവുകളുടെ വിശദാംശങ്ങൾ അധികൃതർ ഡേവിന് മുന്നിൽ വച്ചതായാണ് പറയുന്നത്. തുക തിരിച്ചടയ്ക്കേണ്ടി വരുമോ, ജോലി നഷ്‍ടപ്പെടുമോ തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും ഡേവ് പറയുന്നു.

പരസ്യത്തിന് ഫലം ലഭിച്ചോ?

ഇതിനിടെ മൈക്കിന്റെ ചില വീഡിയോകൾക്ക് ഏകദേശം 2 ലക്ഷം കാഴ്ചകൾ ലഭിച്ചതായും ഡേവ് അവകാശപ്പെടുന്നു. മൈൻക്രാഫ്റ്റ്, റോബ്ലോക്സ് എന്നിവയുടെ ദൈർഘ്യമേറിയ വീഡിയോകൾ പരസ്യങ്ങളായി യൂട്യൂബ് ഉപയോക്താക്കളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു. സംഭവത്തെക്കുറിച്ച് അച്ഛൻ മൈക്കിനോട് പ്രതികരണം ചോദിച്ചപ്പോൾ “ഞാൻ തീർച്ചയായും പെട്ടു” എന്നായിരുന്നു കുട്ടിയുടെ മറുപടിയെന്നും വീഡിയോയിൽ പറയുന്നു.

ചാനൽ നിർത്തിയേക്കും

സംഭവത്തിന് പിന്നാലെ ചാനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നുണ്ട്. ചെലവിന് പരിധി നിശ്ചയിക്കുക, രക്ഷാകർതൃ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണമടയ്ക്കൽ വിവരങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ നടപടികളും സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

അവകാശവാദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല

അതേസമയം, സംഭവത്തിലെ വിവരങ്ങളെല്ലാം ഡേവ് മൈക്കിന്റെ ചാനലിൽ പങ്കുവച്ച സ്വന്തം വീഡിയോയിലൂടെയാണ് പുറത്തുവന്നത്. കമ്പനിയുടെ ഭാഗത്തുനിന്ന് സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. പറഞ്ഞിരിക്കുന്ന പരസ്യച്ചെലവുകൾക്ക് സ്വതന്ത്ര സ്ഥിരീകരണമോ പണമിടപാടുകളുടെ രേഖകളോ പുറത്തുവന്നിട്ടില്ല. അതിനാൽ 1.13 കോടി രൂപയുടെ ചെലവും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും നിലവിൽ ഡേവിന്റെ അവകാശവാദങ്ങളായി മാത്രമാണ് പരിഗണിക്കപ്പെടുന്നത്.