കോൺഗ്രസിന്റെയോ പാർട്ടി ചുമതലപ്പെടുത്തിയ പ്രവർത്തകരുടെയോ ഫേസ്ബുക്ക് പ്രൊഫൈലുകൾ നീക്കം ചെയ്യപ്പെട്ടില്ലെന്നാണ് കോൺഗ്രസ് വിശദീകരണം. നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന പേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്കിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
ദില്ലി: ചട്ടങ്ങൾ ലംഘിച്ച കോൺഗ്രസ് ബന്ധമുള്ള 687 പേജുകൾ നീക്കം ചെയ്തെന്ന ഫേസ്ബുക്ക് വാദത്തിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ്. തങ്ങളുടെ ഔദ്യോഗിക പേജുകൾ ഒന്നും നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
കോൺഗ്രസിന്റെയോ പാർട്ടി ചുമതലപ്പെടുത്തിയ പ്രവർത്തകരുടെയോ ഫേസ്ബുക്ക് പ്രൊഫൈലുകൾ നീക്കം ചെയ്യപ്പെട്ടില്ലെന്നാണ് വിശദീകരണം. നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന പേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്കിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 687 ഫേസ്ബുക്ക് പേജുകൾ നീക്കം ചെയ്തെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സാണ് അറിയിച്ചത്. ഫേസ്ബുക്കിന്‍റെ നയങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്ക് വാത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംഘടിതമായി പ്രചരിപ്പിക്കുന്നതായി ഫേസ്ബുക്ക് ആൽഗോരിതം കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളാണ് പ്രാഥമികമായും ഇതിന് ഉപയോഗിച്ചതെന്നും ഫേസ്ബുക്ക് വാർത്താക്കുറിപ്പിൽ പറയുന്നു. പേജുകൾ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഐടി സെല്ലുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഫേസ്ബുക്കിന്റെ അവകാശവാദം
