ന്യൂയോര്‍ക്ക്: ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. . വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ ഗൂഗിളിന് സഹായകരമായത്. ഭൂമിയെ 400 പ്രാവശ്യം ചുറ്റുന്നതിന് സമാനമാണ് ഗൂഗിള്‍ മാപ്പിന്‍റെ ഇപ്പോഴത്തെ സ്ട്രീറ്റ് വ്യൂവിന്‍റെ ദൈര്‍ഘ്യം. അതേ സമയം ഗൂഗിളിന്‍റെ മറ്റൊരു സേവനമായ ഗൂഗിള്‍ എര്‍ത്ത് ലോകത്തിലെ 98 ശതമാനം ജനസംഖ്യയും ഉള്‍കൊള്ളുന്ന രീതിയില്‍ വളര്‍ന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ എര്‍ത്തിയില്‍ ഇപ്പോള്‍ 36 ദശലക്ഷം എച്ച്.ഡി ബഹിരാകാശ ദൃശ്യങ്ങളാണ് ഉള്ളത്.

ലോകത്തിലെ ഒരോ ഭാഗങ്ങളും കാണാന്‍ സാധിക്കില്ലെങ്കിലും അവിടെ എത്തിയ അനുഭവം നല്‍കാന്‍ ഈ മികച്ച ചിത്രങ്ങള്‍ സഹായിക്കുന്നു. ഗൂഗിള്‍ മാപ്പിന്‍റെ കൃത്യത ഉറപ്പുവരുത്താന്‍ ഇത് സഹായകരമാകുന്നു, ഗൂഗിള്‍ മാപ്പ് ലോകം മാറുന്നതിന് അനുസരിച്ച് ഒരോ ദിവസവും മാറുകയാണ് - ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാര്‍ പറയുന്നു.

12 കൊല്ലം മുന്‍പാണ് സ്ട്രീറ്റ് വ്യൂ എന്ന ആശയം ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ലോകത്തെ മുഴുവന്‍ ഒരു മാപ്പിലേക്ക് ഉള്‍കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗൂഗിള്‍ ഇതിന് വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ട്രീറ്റ് വ്യൂ കാറുകള്‍ രംഗത്ത് ഇറക്കി. ഒരോ കാറിലും കടന്നുപോകുന്ന പ്രദേശത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമായ ഒന്‍പത് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഈ ക്യാമറകള്‍ എല്ലാം തന്നെ എതെര്‍മല്‍ ടൈപ്പ് ആയിരുന്നു. അതായത് ഏത് കൂടിയ അന്തരീഷ താപത്തിലും ഫോക്കസ് മാറാതെ ഇവയ്ക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമായിരുന്നു.

ഒരോ സ്ട്രീറ്റ് വ്യൂ കാറിനും അതിന്‍റെ തന്നെ ചിത്രം പ്രോസസ്സസ് ചെയ്യാനുള്ള യൂണിറ്റ് ഉണ്ട്. ഒപ്പം തന്നെ ലൈഡന്‍ സെന്‍സറും ഉണ്ടായിരുന്നു. ഈ സെന്‍സര്‍ ലേസര്‍ ബീം ഉപയോഗിച്ച് കൃത്യമായ ദൂരം കണക്കാക്കും. ഒപ്പം തന്നെ ഡ്രൈവിംഗ് സാധ്യമല്ലാത്ത സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സ്ട്രീറ്റ് വ്യൂ ട്രിക്കര്‍ എന്ന സംവിധാനവും ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളത്തിലാണെങ്കിലും ബോട്ടുകള്‍ വഴിയും. മരുഭൂമിയിലും വാഹനം കയറാത്ത സ്ഥലങ്ങലില്‍ മൃഗങ്ങളെ ഉപയോഗിച്ചുമാണ് ഇത് എത്തിച്ചിരുന്നത്. ഇത് പോലെ വളരെ സങ്കീര്‍ണ്ണമായിരിക്കും സ്ട്രീറ്റ് വ്യൂ വിവരങ്ങള്‍ ശേഖരിക്കാനുള്ള ദൗത്യം എന്നാണ് - ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാര്‍ പറയുന്നു.

ഇതിനെല്ലാം പുറമേ ഗൂഗിള്‍ മാപ്പ് കമ്യൂണിറ്റി നല്‍കുന്ന വിവരങ്ങള്‍ ഏറെയാണ്. അജ്ഞാതമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്തരം പൊതുവിവരങ്ങളായി ലഭിക്കുന്നത് വളരെ ഗുണകരമാണ്.