ഓപ്പൺഎഐയുടെ പുതിയ എഐ ചിപ്പായ 'ജലപീനോ' അവതരിപ്പിച്ചു. ചാറ്റ്ജിപിടി പോലുള്ള സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന ഈ ചിപ്പ്, എഐ ഹാർഡ്‌വെയർ രംഗത്തെ പ്രമുഖരായ എൻവിഡിയക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കൃത്രിമ ബുദ്ധി (AI) രംഗത്ത് നിർണായക മുന്നേറ്റവുമായി ഓപ്പൺഎഐ സ്വന്തം എഐ ചിപ്പായ ‘ജലപീനോ’ (Jalapeño) അവതരിപ്പിച്ചു. ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങളുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. എഐ ഹാർഡ്‌വെയർ വിപണിയിൽ വർഷങ്ങളായി ആധിപത്യം പുലർത്തുന്ന എൻവിഡിയയ്ക്കുള്ള വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഐ മോഡലുകളുടെ പരിശീലനം (Training) പൂർത്തിയായ ശേഷം ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിവിധ ജോലികൾ നിർവഹിക്കുകയും ചെയ്യുന്ന ഘട്ടമാണ് ‘ഇൻഫറൻസ്’ (Inference). ഈ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ജലപീനോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുവായ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത എൻവിഡിയ ചിപ്പുകളിൽ നിന്ന് വ്യത്യസ്‍തതമായി, ഓപ്പൺഎഐയുടെ പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുത്താണ് ജലപീനോ വികസിപ്പിച്ചിരിക്കുന്നത്.

ബ്രോഡ്കോമുമായി സഹകരിച്ചാണ് ചിപ്പ് രൂപകൽപ്പന ചെയ്തത്. നിലവിൽ ഓപ്പൺഎഐയുടെ ഗവേഷണ കേന്ദ്രങ്ങളിൽ ജിപിടി-5.3-കോഡെക്സ്-സ്പാർക്ക് മോഡലിൽ ചിപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ മുൻനിര എഐ ഹാർഡ്‌വെയറുകളേക്കാൾ മികച്ച ‘പെർഫോർമൻസ് പെർ വാട്ട്’ (Performance per Watt) നൽകാൻ ജലപീനോയ്ക്ക് കഴിയുമെന്നാണ് ഓപ്പൺഎഐയുടെ അവകാശവാദം. ഇത് ചാറ്റ്ജിപിടി പോലുള്ള സേവനങ്ങളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ചിപ്പിന്റെ രൂപകൽപ്പനയിൽ എഐ സാങ്കേതികവിദ്യ തന്നെ സഹായിച്ചുവെന്നതും ശ്രദ്ധേയമാണ്. വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ ഡിസൈൻ പൂർത്തിയാക്കിയ ശേഷം തായ്‌വാനിലെ ടിഎസ്എംസി (TSMC) കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയത്. എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെൽ പ്രോസസറുകളുടെയും ഗൂഗിളിന്റെ ടിപിയു (TPU) സംവിധാനങ്ങളുടെയും നിലവാരത്തിൽ ജലപീനോ പ്രവർത്തിക്കുന്നുവെന്ന് ബ്രോഡ്കോം അധികൃതർ അവകാശപ്പെടുന്നു.

ഗൂഗിൾ, ആമസോൺ തുടങ്ങിയ സാങ്കേതിക ഭീമൻമാർ നേരത്തെ തന്നെ സ്വന്തം എഐ ചിപ്പുകൾ വികസിപ്പിച്ച മാതൃക പിന്തുടർന്നാണ് ഓപ്പൺഎഐയുടെ നീക്കം. 2023 മുതൽ കസ്റ്റം ചിപ്പ് വികസന സാധ്യതകൾ കമ്പനി പരിശോധിച്ചുവരികയായിരുന്നു. അതിന്റെ ആദ്യ പൊതുഫലമായാണ് ജലപീനോയെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വർഷാവസാനത്തോടെ ജലപീനോയുടെ വ്യാപക വിന്യാസം ആരംഭിക്കാനാണ് ഓപ്പൺഎഐയുടെ പദ്ധതി. ചിപ്പുകൾ ഉൾക്കൊള്ളുന്ന സർവർ സംവിധാനങ്ങൾ കാനഡയിലെ സെലെസ്റ്റിക്ക കമ്പനി നിർമ്മിക്കും. പുതിയ സാങ്കേതികവിദ്യ വിജയകരമാകുകയാണെങ്കിൽ, ചാറ്റ്ജിപിടി കൂടുതൽ വേഗത്തിൽ പ്രതികരിക്കുകയും എഐ സേവനങ്ങൾ കൂടുതൽ വിശ്വസനീയവും ചെലവുകുറഞ്ഞതുമായിത്തീരുകയും ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.