ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് വലിയ അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകി. എഐ മനുഷ്യരുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകാനും, ഇതിന്റെ ശക്തി ചുരുക്കം ചിലരുടെ കൈകളിൽ ഒതുങ്ങാനും സാധ്യതയുണ്ടെന്ന് അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ അതിവേഗ വളർച്ച മനുഷ്യരാശിയുടെ ഭാവിക്ക് ഗുരുതരമായ അപകടം സൃഷ്‍ടിച്ചേക്കാമെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക ഉൽപ്പാദനക്ഷമത തുടങ്ങിയ മേഖലകളിൽ എഐ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെങ്കിലും, കൂടുതൽ ശേഷിയുള്ള എഐ സംവിധാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിനും മനസ്സിലാക്കലിനും അപ്പുറത്തേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ന്യൂയോർക്കിൽ ബുധനാഴ്ച ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ആൾട്ട്മാൻ. എഐ മേഖലയിൽ അടുത്തിടെയുണ്ടായ അതിവേഗ പുരോഗതി വികസനത്തിന്റെ സമയപരിധി കൂടുതൽ ചുരുങ്ങിയതായി തോന്നിക്കുന്നുവെന്നും ഇതോടെ സാങ്കേതികവിദ്യയുടെ ഗുണങ്ങളും അപകടങ്ങളും കൂടുതൽ അടിയന്തരമായ വിഷയങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എഐ പുതിയ നവോത്ഥാനമാകുമോ, വ്യവസായ വിപ്ലവമാകുമോ?

എഐയെ മനുഷ്യരാശിക്ക് പുതിയൊരു നവോത്ഥാനത്തിന്റെ തുടക്കമാക്കാനും വലിയ സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ വിപ്ലവമായി മാറാനും സാധ്യതയുണ്ടെന്ന് ആൾട്ട്മാൻ പറഞ്ഞു.

“നമ്മുടെ മുന്നിൽ ഒരു തിരഞ്ഞെടുപ്പുണ്ട്. എഐ പുതിയൊരു സർഗാത്മകതയുടെയും കണ്ടെത്തലുകളുടെയും നവോത്ഥാനമാകാം. അല്ലെങ്കിൽ വലിയ അസ്ഥിരതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പുതിയ വ്യവസായ വിപ്ലവമാകാം,” അദ്ദേഹം പറഞ്ഞു. പുതിയ ഉപകരണങ്ങളും ആശയങ്ങളും സ്ഥാപനങ്ങളും മനുഷ്യരുടെ കഴിവുകളെ വിപുലീകരിച്ച കാലഘട്ടമായിരുന്നു നവോത്ഥാനമെന്നും, നമ്മുടെ കാലത്ത് എഐക്ക് സമാനമായ പങ്ക് വഹിക്കാനാകുമെന്നും ആൾട്ട്മാൻ അഭിപ്രായപ്പെട്ടു.

മനുഷ്യന്‍റെ നിയന്ത്രണം നഷ്‍ടപ്പെടരുത്

എഐയുടെ ഏറ്റവും മികച്ച ഉപയോഗം മനുഷ്യരെ ഒരു വലിയ യന്ത്രത്തിലെ ചെറിയ ഘടകങ്ങളാക്കി മാറ്റുന്നതല്ലെന്നും, ജീവിതത്തിലെ എല്ലാ മേഖലകളും പൂർണമായും യന്ത്രവൽക്കരിക്കുന്നതുമല്ലെന്നും ആൾട്ട്മാൻ പറഞ്ഞു. കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്ന ലോകത്ത് മനുഷ്യർക്ക് കൂടുതൽ സ്വാതന്ത്ര്യവും കഴിവും നൽകുകയാണ് എഐയുടെ ലക്ഷ്യമാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പഠിക്കാനും സൃഷ്ടിക്കാനും കണ്ടെത്താനും നിർമിക്കാനും സമൂഹത്തിൽ കൂടുതൽ സജീവമായി പങ്കെടുക്കാനും എഐ മനുഷ്യരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എഐയ്ക്ക് ചെയ്യാൻ കഴിയാത്തതും ചെയ്യാൻ പാടില്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ടെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു.

എഐ നിയന്ത്രണാതീതമായാൽ എന്ത് സംഭവിക്കും?

എഐയുടെ വളർച്ച തെറ്റായ ദിശയിലേക്ക് പോയാൽ പ്രധാനമായും 2 അപകടസാധ്യതകളുണ്ടെന്നാണ് ആൾട്ട്മാന്റെ വിലയിരുത്തൽ. ഒന്നാമത്തേത്, മനുഷ്യർക്ക് എഐയുടെ ഭാവിയിലുള്ള നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയാണ്. എഐയുടെ വളർച്ച വളരെ വേഗത്തിലാകുകയും സംഭവിക്കുന്നത് എന്താണെന്ന് മനുഷ്യർക്ക് പിന്തുടരാനോ ആവശ്യമായ സമയത്ത് ഇടപെടാനോ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ടാമത്തെ അപകടം എഐയുടെ ശക്തി വളരെ കുറച്ച് ആളുകളുടെയോ കമ്പനികളുടെയോ രാജ്യങ്ങളുടെയോ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതാണ്. ഏറ്റവും ശക്തമായ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തിക്കോ കമ്പനിയ്ക്കോ രാജ്യത്തിനോ സ്വന്തം ആശയങ്ങളും ലോകവീക്ഷണവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം മെച്ചപ്പെടുത്തുന്ന എഐയെക്കുറിച്ച് ആശങ്ക

എഐ സംവിധാനങ്ങൾ സ്വയം മെച്ചപ്പെടുത്താനും ഭാവിയിലെ എഐ പതിപ്പുകളെ വികസിപ്പിക്കുന്ന പ്രക്രിയയെ തന്നെ കൂടുതൽ കാര്യക്ഷമമാക്കാനും ശേഷി നേടുന്ന സാഹചര്യത്തിൽ അപകടസാധ്യത വർധിക്കാമെന്നും ആൾട്ട്മാൻ പറഞ്ഞു. എഐ നിർമിക്കുന്ന പ്രക്രിയ കൂടുതൽ സ്വയം പ്രവർത്തനക്ഷമമാകുന്നതോടെ സാങ്കേതികവിദ്യയുടെ വളർച്ചയുടെ വേഗം അതിവേഗം കൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇപ്പോഴത്തെ സാഹചര്യം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിന്റെ പേരിൽ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട

എഐ സാങ്കേതികവിദ്യ വലിയ നേട്ടങ്ങൾ നൽകുമെന്ന് കരുതി കമ്പനികൾ അമിതമായ അപകടസാധ്യതകൾ ഏറ്റെടുക്കരുതെന്നും ആൾട്ട്മാൻ ആവശ്യപ്പെട്ടു. പരസ്പര മത്സരത്തിന്റെ സമ്മർദത്തിൽ കമ്പനികൾ തിരക്കിട്ട് തീരുമാനങ്ങൾ എടുക്കുന്നതും ഒഴിവാക്കണം.

ആവശ്യമെങ്കിൽ ഓപ്പൺഎഐ സ്വന്തം പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ, നിരീക്ഷണം, മനുഷ്യരുടെ താൽപര്യങ്ങളുമായി എഐയുടെ പ്രവർത്തനം പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കൽ എന്നിവ സാധ്യമാകുന്ന സാഹചര്യത്തിൽ മാത്രമേ പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാവൂ എന്നും ആൾട്ട്മാൻ വ്യക്തമാക്കി. ശക്തമായ എഐ സംവിധാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിൽ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐയുടെ അപകടസാധ്യതകൾ വിലയിരുത്തുന്നതിനും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും മനുഷ്യരുടെ മേൽനോട്ടം ഉറപ്പാക്കുന്നതിനുമായി ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഐ ഉപയോഗിച്ച് ജൈവായുധ നിർമാണം തടയണം

യുഎൻ സുരക്ഷാ കൗൺസിലിലെ അതേ യോഗത്തിൽ ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയിയും എഐ സുരക്ഷയിൽ അന്താരാഷ്ട്ര സഹകരണം ആവശ്യപ്പെട്ടു. എഐ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമിക്കുന്നത് നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണകളിൽ രാജ്യങ്ങൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത്യാധുനിക എഐ സംവിധാനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെയും സാധ്യതകൾ പരിശോധിക്കുന്നതിനുള്ള ആഗോള മാനദണ്ഡങ്ങളും ആവശ്യമാണ്. ആഗോള സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രധാന എഐ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനവും രൂപീകരിക്കണമെന്നും അമോഡെയി ആവശ്യപ്പെട്ടു.