45 ദിവസത്തിലേറെ മുൻപ് അവധിക്ക് അപേക്ഷിച്ചിട്ടും ഇന്ത്യൻ ഐടി കമ്പനിയിലെ ജീവനക്കാരിക്ക് മാനേജർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് യുവതിയുടെ ഭർത്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ്, ഇന്ത്യൻ കമ്പനികളിലെ തൊഴിൽ സംസ്കാരത്തെയും ജീവനക്കാരുടെ അവകാശങ്ങളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു.
അവധി എടുക്കാൻ ആഴ്ചകൾക്ക് മുമ്പ് അപേക്ഷ നൽകിയാലും മാനേജറുടെ അനുമതി ലഭിച്ചില്ലെന്ന പരാതിയുമായി ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ഇന്ത്യൻ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് 45 ദിവസത്തിലേറെ മുൻപ് അവധിക്ക് അപേക്ഷിച്ചിട്ടും മാനേജർ അനുമതി നിഷേധിക്കുകയാണെന്നാണ് ടെക്കി റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. ഡെവലപ്പേഴ്സ് ഇന്ത്യ എന്ന റെഡിറ്റ് കൂട്ടായ്മയിലാണ് ഹിസ്റ്റോറിക്കൽ ഡേ 364 എന്ന പേരിലുള്ള ഉപയോക്താവ് അനുഭവം പങ്കുവച്ചത്. ഏകദേശം ഒന്നര മാസത്തിന് ശേഷം കുടുംബത്തോടൊപ്പം അവധിക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇതിനായി ഭാര്യ നേരത്തെ തന്നെ മാനേജറെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘45 ദിവസത്തിലേറെ മുൻപ് അറിയിച്ചിരുന്നു’
ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനം വലിയ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ടെക്കി പറയുന്നു. യാത്രയ്ക്ക് ഒന്നര മാസം മുമ്പ് തന്നെ അവധിയുടെ വിവരം മാനേജരെയും ടീം ലീഡിനെയും അറിയിച്ചിരുന്നു. എന്നാൽ ഇത്രയും നേരത്തെ അറിയിച്ചിട്ടും മാനേജർ അവധി അനുവദിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. യാത്രയുടെ തീയതി മാറ്റണമെന്നാണ് മാനേജർ ആവശ്യപ്പെട്ടതെന്നും ടെക്കി പറഞ്ഞു.
യാത്ര ബുക്ക് ചെയ്തുകഴിഞ്ഞു
അവധി തീയതികൾ മാറ്റുന്നത് എളുപ്പമല്ലെന്നും കുടുംബം ഇതിനകം യാത്രയ്ക്കുള്ള ബുക്കിങ്ങുകൾ പൂർത്തിയാക്കിയെന്നും ടെക്കി വ്യക്തമാക്കി. തീയതികളിൽ മാറ്റം വരുത്തിയാൽ അധിക ചെലവും മറ്റ് അസൗകര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ നേരത്തെ അറിയിച്ച അവധി നിഷേധിക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും പോസ്റ്റിൽ പറയുന്നു.
‘ജോലി നിർണായകമല്ല’
ഭാര്യ അഞ്ച് വർഷത്തിലേറെയായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും മതിയായ ലീവ് ബാലൻസ് ഉണ്ടെന്നും ടെക്കി പറഞ്ഞു. അവർ കൈകാര്യം ചെയ്യുന്ന ജോലികൾ കമ്പനിയുടെ നിർണായക പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിയന്തരമായി എന്തെങ്കിലും ജോലി വന്നാൽ സ്ലാക്കിലൂടെയോ വാട്സ്ആപ്പിലൂടെയോ ബന്ധപ്പെടാൻ തയ്യാറാണെന്നും ഭാര്യ ടീം അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും ടെക്കി പറയുന്നു. അടിസ്ഥാന ജോലികൾ കൈകാര്യം ചെയ്യാൻ ഒരു ഇന്റേണിനും സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നിട്ടും മാനേജർ നിലപാട് മാറ്റാൻ തയ്യാറായില്ലെന്നാണ് പരാതി.
‘അവധി ഒരു ചർച്ചയാക്കുന്നു’
അവധി അനുവദിക്കുന്നതിന് പകരം മാനേജർ അതിനെ ഒരുതരം ‘ചർച്ച’യായി മാറ്റുകയാണെന്നും ടെക്കി ആരോപിച്ചു. ഇന്ത്യൻ ജോലിസ്ഥലങ്ങളിൽ ഇത്തരം സമീപനം അസാധാരണമല്ലെന്നും സമാനമായ സേവനാധിഷ്ഠിത കമ്പനികളിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എന്താണ് ചെയ്യേണ്ടതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളോട് അദ്ദേഹം ചോദിച്ചു. യാത്രയുടെ തീയതികൾ നേരത്തെ ബുക്ക് ചെയ്തതാണെന്ന് മാനേജറോട് വീണ്ടും വ്യക്തമാക്കണമോ, അതോ വിഷയം എച്ച്ആർ വിഭാഗത്തിലേക്ക് കൈമാറണമോ എന്നായിരുന്നു ചോദ്യം.
‘അവധി ആവശ്യപ്പെടേണ്ടതില്ല’
പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള അവധി എടുക്കുന്നത് അവകാശമാണെന്നും അതിനാൽ അവധി ‘അപേക്ഷിക്കുന്നതിന്’ പകരം മുൻകൂട്ടി വിവരം നൽകുന്നതാണ് ശരിയെന്നും ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ മാനേജറോട് അവധിയുടെ കാരണം വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും യാത്രയോ കുടുംബകാര്യങ്ങളോ പോലുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് ജീവനക്കാർക്ക് അവധി എടുക്കാമെന്നും അഭിപ്രായപ്പെട്ടു.
‘ജോലി മാറുന്നതാണ് നല്ലത്’
മാനേജർമാർ ജീവനക്കാരുടെ അവധിയോട് അനാവശ്യമായി എതിർപ്പ് കാണിക്കുന്നതായി ചിലർ ആരോപിച്ചു. മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശിച്ചു. ‘ജീവിതം വളരെ ചെറുതാണ്, ഇത്തരം കാര്യങ്ങളുമായി നിരന്തരം പൊരുതേണ്ടി വരുന്നത് ഒഴിവാക്കാൻ ജോലി മാറുക’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം, ജീവനക്കാരുടെ അവകാശങ്ങൾ, അവധി നയം, മാനേജറുടെ അധികാരം എന്നിവ സംബന്ധിച്ച കൃത്യമായ നടപടികൾ ഓരോ സ്ഥാപനത്തിന്റെയും തൊഴിൽനയവും കരാറും അനുസരിച്ച് വ്യത്യാസപ്പെടാം. റെഡ്ഡിറ്റിലെ പ്രതികരണങ്ങൾ വ്യക്തിഗത അനുഭവങ്ങളും അഭിപ്രായങ്ങളുമാണ്.


