ദില്ലി: ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രിയമായ ആപ്പാണ് ടിക് ടോക്. ചെറുവീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം 150 കോടി ഡൗണ്‍ലോഡ‍ാണ് ടിക് ടോക് ആഗോള വ്യാപകമായി നേടിയിരിക്കുന്നത്. ഇതില്‍ തന്നെ 46 കോടിയോളം ഡൗണ്‍ലോഡ് നടത്തിയ ഇന്ത്യക്കാരാണ് ടിക് ടോക് ഉപയോഗത്തില്‍ മുന്നില്‍. ടിക് ടോകിന്‍റെ ആഗോള ഉപയോക്താക്കളില്‍ 31 ശതമാനം ഇന്ത്യയില്‍ നിന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ടിക് ടോകിന്‍റെ ഡൗണ്‍ലോഡിംഗ് നിരക്ക് 6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

ടിക്ടോക്ക് നോണ്‍ ഗെയിമിംഗ് ആപ്പുകളുടെ കൂട്ടത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ടിക് ടോക്. 70.4 കോടി ഡൗണ്‍ലോഡ് നടന്ന വാട്ട്സ്ആപ്പിനും, 63.6 കോടി ഡൗണ്‍ലോഡ് നടന്ന ഫേസ്ബുക്ക് മെസഞ്ചറിനും പിന്നിലാണ് ടിക് ടോക്.  ടിക്ടോകിന്‍റെ ഈ വര്‍ഷം 61.4 കോടി ഡൗണ്‍ലോഡ് നേടി. ഫേസ്ബുക്ക് ടിക്ടോകിന് പിന്നിലായാണ് വരുന്നത് 58.7 ആണ് ഫേസ്ബുക്കിന്‍റെ ഡൗണ്‍ലോഡിംഗ്. ഇന്‍സ്റ്റഗ്രാം ആണ് അഞ്ചാം സ്ഥാനത്ത് 37.6 കോടി ഡൗണ്‍ലോഡ്.  ഫെബ്രുവരി 2019ലാണ് ആഗോള വ്യാപകമായി 100 കോടി ഡൗണ്‍ലോഡ് എന്ന നാഴികകല്ല് ടിക്ടോക് പിന്നിട്ടത്. 50 കോടി എന്ന നാഴികകല്ല് പിന്നിട്ട് 9 മാസത്തിനുള്ളിലായിരുന്നു ഈ നേട്ടം.

അതേ സമയം കഴിഞ്ഞ ദിവസം രസകരമായ വാര്‍ത്തയും ടിക് ടോകിനെ സംബന്ധിച്ച് വന്നിരുന്നു. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ടിക് ടോക്കില്‍ രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് പുതിയ വാര്‍ത്ത. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലെ ടിക് ടോക്കില്‍ നിന്ന് ശക്തമായ മത്സരം നേരിടുന്നതിനിടെയാണ് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

സുക്കര്‍ബര്‍ഗിന്റെ ടിക് ടോക്കിലെ രഹസ്യ അക്കൗണ്ടില്‍ നിലവില്‍ വിഡിയോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അക്കൗണ്ടില്‍ 4,055 പേര്‍ പിന്തുടരുന്നുണ്ട്. അക്കൗണ്ടില്‍ നിലവില്‍ അരിയാന ഗ്രാന്‍ഡെ, സെലീന ഗോമസ് എന്നിവരെ പോലുള്ള 61 സെലിബ്രിറ്റികളെയാണ് സക്കര്‍ബര്‍ഗ് പിന്തുടരുന്നത്. ടിക് ടോക്ക് സൂപ്പര്‍താരങ്ങളായ ലോറന്‍ ഗ്രേ, ജേക്കബ് സാര്‍ട്ടോറിയസ് എന്നിവരെയും പിന്തുടരുന്നു.

ഇന്ത്യയില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനെക്കാള്‍ മുന്നിലാണെന്ന് സക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ എക്സ്പ്ലോര്‍ സവിശേഷത പോലെ ടിക് ടോക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.