ദില്ലി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡ‍ി ആപ്പാണ് ട്രൂ കോളര്‍. ലോകത്തെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. മികച്ച ഗുണമേന്‍മയില്‍ ഫ്രീ ഇന്‍റര്‍നെറ്റ് വോയ്സ് കോളാണ് ട്രൂകോളര്‍ വാഗ്ദാനം ചെയ്യുന്നത്.

വിഓഐപി അഥവ വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ ഈ സംവിധാനം ആദ്യം ലഭ്യമാക്കുക. ഐഒഎസ് ഉപയോക്താക്കളിലേക്കും ഈ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ട്രൂകോളര്‍ വക്താക്കള്‍ പറയുന്നത്.

ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ മാത്രം 10 കോടി ഉപയോക്താക്കള്‍ എന്ന നാഴികകല്ല് ട്രൂകോളര്‍ കടന്നത്. ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യയില്‍ നിന്നാണ്. 2009 ലാണ് സ്റ്റോക്ക്ഹോം ആസ്ഥാനമാക്കി ട്രൂകോളര്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇന്ത്യയില്‍ പേമെന്‍റ് സംവിധാനവും ട്രൂകോളര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.