Asianet News MalayalamAsianet News Malayalam

Truecaller : കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്യാന്‍ ട്രൂകോളര്‍; പിന്നില്‍ ഗൂഗിളിന്‍റെ പോളിസി മാറ്റം

ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കി എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിംഗ് അവതരിപ്പിച്ചിരുന്നു. ട്രൂകോളറില്‍ കോള്‍ റെക്കോര്‍ഡിംഗ് എല്ലാവര്‍ക്കും സൗജന്യമായിരുന്നു. 

Truecaller removes call recording feature following new Google rule
Author
New Delhi, First Published Apr 24, 2022, 7:07 PM IST

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ നിരോധിക്കുകയാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ട്രൂകോളര്‍ (Truecaller) അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിംഗ് സവിശേഷത നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ കോള്‍ റെക്കോര്‍ഡിംഗ് (Call Recording) സവിശേഷതയുള്ള എല്ലാ ആപ്പുകളും നീക്കം ചെയ്യുന്നതായി ഗൂഗിള്‍ (Google) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത ഗൂഗിള്‍ ഡെവലപ്പര്‍ പ്രോഗ്രാം പോളിസികള്‍ അനുസരിച്ച്, ഇനി കോള്‍ റെക്കോര്‍ഡിംഗുകള്‍ വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ട്രൂകോളര്‍ വ്യക്തമാക്കി. എന്നാല്‍, ഉപകരണത്തില്‍ നേറ്റീവ് ആയി കോള്‍ റെക്കോര്‍ഡിംഗ് ഉള്ള ഉപകരണങ്ങളെ ഇത് ബാധിക്കില്ല.

ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കി എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിംഗ് അവതരിപ്പിച്ചിരുന്നു. ട്രൂകോളറില്‍ കോള്‍ റെക്കോര്‍ഡിംഗ് എല്ലാവര്‍ക്കും സൗജന്യമായിരുന്നു. അനുമതി അടിസ്ഥാനമാക്കിയുള്ളതും ഗൂഗിള്‍ ആക്സസിബിലിറ്റി എപിഐ ഉപയോഗിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. 

എന്നാല്‍, ഉപയോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിശ്വസിക്കുന്നതിനാല്‍, നിരവധി വര്‍ഷങ്ങളായി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ഗൂഗിള്‍ എതിരാണ്. അതേ കാരണത്താല്‍, ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍, 'ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന ഉച്ചത്തിലുള്ള അലേര്‍ട്ടുകള്‍ നല്‍കിയിരുന്നു. അത് റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരുവശത്തുമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു.

ആന്‍ഡ്രോയിഡ് 6 മുതല്‍ ഗൂഗിള്‍ ലൈവ് കോള്‍ റെക്കോര്‍ഡിംഗ് തടഞ്ഞു, തുടര്‍ന്ന്, ആന്‍ഡ്രോയിഡ് 10-ല്‍ അത് മൈക്രോഫോണിലൂടെയുള്ള ഇന്‍-കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് നീക്കം ചെയ്തു. എന്നാലും, ആന്‍ഡ്രോയിഡ് 10-ലും അതിന് മുകളിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ കോള്‍ റെക്കോര്‍ഡിംഗ് ഫംഗ്ഷണാലിറ്റി ഓഫര്‍ ചെയ്യുന്നതിനായി ആക്സസിബിലിറ്റി സേവനം ആക്സസ് ചെയ്യുന്നതിന് ചില ആപ്പുകള്‍ ഒരു പഴുതു കണ്ടെത്തി ഉപയോഗിച്ചിരുന്നു. 'ആക്‌സസിബിലിറ്റി എപിഐ രൂപകല്പന ചെയ്തിട്ടില്ല, റിമോട്ട് കോള്‍ ഓഡിയോ റെക്കോര്‍ഡിംഗിനായി അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ല,' അപ്‌ഡേറ്റ് ചെയ്ത പ്ലേസ്റ്റോര്‍ നയങ്ങളില്‍ ഇങ്ങനെ പറയുന്നു. 

ഈ മാറ്റം തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ മാത്രമേ ബാധിക്കൂ എന്നും ഗൂഗിള്‍ വ്യക്തമാക്കി. നിങ്ങളുടെ ഫോണില്‍ ലഭ്യമാണെങ്കില്‍ ഗൂഗിള്‍ ഡയലറിലെ കോള്‍ റെക്കോര്‍ഡിംഗ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് ഇതിനര്‍ത്ഥം. കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുള്ള ഏതെങ്കിലും പ്രീലോഡ് ചെയ്ത ഡയലര്‍ ആപ്പുകളും പ്രവര്‍ത്തിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. അതിനാല്‍, കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഏതൊരു ആപ്പും മെയ് 11-ന് പ്ലേ സ്റ്റോറില്‍ ബ്ലോക്ക് ചെയ്യപ്പെടും.

Follow Us:
Download App:
  • android
  • ios