വാഷിങ്ടണ്‍: ഐടി മേഖലയില്‍  അമേരിക്കന്‍ കമ്പനികള്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ്. ബുധനാഴ്ചയാണ് ഇത്തരത്തില്‍ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. വിദേശ ടെലികോം കമ്പനികള്‍ യുഎസിലെ കമ്പനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ് എന്ന് ട്രംപ് ആരോപിക്കുന്നു. 

ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ചിലമാസങ്ങളായി ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. 

ചൈന കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഇതോടെ അടുത്ത ജനറേഷന്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുണ്ട്. 

അതേസമയം ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അജിത് പൈ ട്രംപിന്റെ ഉത്തരവ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് സപ്ലൈ ചെയിനിനെ സംരക്ഷിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഹുവായ് മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മറ്റൊരു നീക്കത്തില്‍ യുഎസ് കൊമേഴ്‌സ് വകുപ്പ് ഹുവായിയെ എന്‍റിറ്റി പട്ടികയില്‍ പെടുത്തിയിരുന്നു. അമേരിക്കയുടെ ഈ നീക്കങ്ങള്‍ ചൈനയുമായുള്ള ബന്ധങ്ങളെ കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.