വാഷിംഗ്ടണ്‍: എന്തിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതെന്ന് വ്യക്തമാക്കി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പിന്തുടര്‍ന്ന ശേഷമാണ് അണ്‍ഫോളോ ചെയ്തത്. ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാനാരംഭിച്ചത്.

21 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വൈറ്റ് ഹൗസ് ആകെ 19 പേരെ മാത്രമായിരുന്നു ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന് അക്കൗണ്ടുകള്‍ ആണ് ഇപ്പോള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്. ഇതോടൊപ്പം വാഷിംടണിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനേയും ഫോളോ ചെയ്യുന്നവരുടെ പട്ടികയില്‍ നിന്ന് വൈറ്റ് ഹൗസ് വെട്ടിയിട്ടുണ്ട്.

 ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് ട്വിറ്ററില്‍ കാണുന്നതെന്നായിരുന്നു നയതന്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഹൂസ്റ്റണില്‍ മോദി ഹൗദി മോദി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ട്രംപിനു വേണ്ടി നമസ്‌തേ ട്രംപ് പരിപാടി നടത്തിയിരുന്നു.

ഇപ്പോള്‍ അണ്‍ഫോളോ ചെയ്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നാണ്  അമേരിക്കന്‍ ഭരണസിരാകേന്ദ്രിന്‍റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് വൈറ്റ് ഹൗസ് അവരെ ഫോളോ ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി അവസാന ആഴ്ച അമേരിക്കന്‍ പ്രസിഡന്‍റ്  ജോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പ്രസിഡന്‍റ്  രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ചെയ്യാന്‍ തുടങ്ങിയത്. ഈ ആഴ്ച ആദ്യം ഇവരെയെല്ലാം അണ്‍ഫോളോ ചെയ്യുകയും ചെയ്തു.