ദില്ലി: നിങ്ങള്‍ കാണുന്ന ഒരു സിനിമാ ടിക്കറ്റിന്‍റെ പണമെങ്കിലും തരാമോയെന്ന് ഇന്ത്യക്കാരോട് അപേക്ഷയുമായി വിക്കിമീഡിയ. സാമ്പത്തിക ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിവര ശേഖരയിടമായ വിക്കിമീഡിയയാണ് ധനസഹായ അഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നത്. സൂര്യനടക്കമുള്ള  സകല വിഷയങ്ങളിലും വിവരങ്ങള്‍ തിരയുന്നവര്‍ക്ക് ഇന്ന് ആദ്യം മനസ്സിലെത്തുക വിക്കിപീഡിയയാണ്. 

എന്നാല്‍ ജനാതിപത്യമുഖം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന വിക്കിമീഡിയയുടെ മുഖമാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. പരസ്യങ്ങളില്ലാതെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന വിക്കിമീഡിയയുടെ പ്രധാനവരുമാനം വര്‍ഷത്തില്‍ ഒരിക്കല്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളിലൂടെയാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നിന്ന് ലഭ്യമാകുന്ന സഹായത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വന്നതോടെയാണ് അഭ്യര്‍ത്ഥന. ഇന്ത്യയിലെ വിജ്ഞാന കാംക്ഷികള്‍ക്ക് ആശംസകള്‍ എന്ന് തുടങ്ങുന്ന കുറിപ്പ് കഴിഞ്ഞ‌ ദിവസമാണ് ഇന്ത്യയിലെ മിക്ക കംപ്യൂട്ടറുകളിലുമെത്തിയത്. 

ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് വിക്കിപീഡിയ എന്ന് അറിയാമല്ലോ. ഞങ്ങള്‍ പരസ്യം ചെയ്യാറില്ല അതുപോലെ ഓഹരിയുടമകളുമില്ല. വായനക്കാരില്‍ നിന്നുള്ള സംഭാവനയാണ് വിക്കിപീഡിയയുടെ വരുമാനം. പക്ഷം പിടിക്കാതെയുള്ള വിവരങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സംഭാവനയ്ക്ക് വലിയൊരു തരത്തില്‍ ആ പ്രസ്ഥാനത്തെ സഹായിക്കാന്‍ സാധിക്കും. ഭാവിതലമുറകള്‍ക്ക് വേണ്ടി ഈ പ്രസ്ഥാനത്തെ ജീവിപ്പിച്ച് നിര്‍ത്താന്‍ അത് ആവശ്യമാണ്. ഈ കുറിപ്പ് ലഭിക്കുന്നവര്‍ 150 രൂപ സംഭാവന നല്‍കാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ഒരു സിനിമാ ടിക്കറ്റിന്‍റെ തുക മാത്രമാണ് ഞങ്ങള്‍ക്ക് ആവശ്യമായത്. വിക്കി പീഡിയയുടെ വളര്‍ച്ചക്കായി ഒരു നിമിഷം ഉപയോഗിക്കൂ, നന്ദി എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ കുറിപ്പിലൊരിടത്തും വിക്കിപീഡിയ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. 2001 ജനുവരി 15 ന് വിക്കിപീഡിയ ആരംഭിച്ചത്. അത് ഇംഗ്ലീഷിലായിരുന്നു പിന്നീട്  തുടര്‍ച്ചയായി മറ്റനേകം ലോകഭാഷകളിലും വിക്കിപതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ മലയാളം ഉള്‍പ്പടെ 185 ലേറെ ലോകഭാഷകളില്‍ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നുണ്ട്.