ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്.  വ്യാജ വിഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്‍റെ കുക്കിയുടെ സഹായത്തോടെ ഹാക്കർക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

100 കോടി സ്മാർട് ഫോണുകളെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ആൻഡ്രോയിഡ് 7.0 നൗഗട്ടിനും ആൻഡ്രോയിഡ് 9.0 പൈയ്ക്കും ഇടയിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾക്കാണ് ഹാക്കിങ് ഭീഷണി. സൂക്ഷിച്ചില്ലെങ്കിൽ ഈ മാൾവെയർ നിങ്ങളുടെ സ്മാർട് ഫോണുകളെയും ആക്രമിച്ചേക്കാം. മാൾവെയർ ആക്രമണം നടന്നാൽ സ്മാർട് ഫോണിന്റെ പൂർണ നിയന്ത്രണം പിന്നെ ഹാക്കര്‍മാരുടെ കയ്യിലാകും.

അജ്ഞാത കോൺ‌ടാക്റ്റ് വഴി ലഭിക്കുന്ന വിഡിയോ പ്ലേ ചെയ്യുകയോ സംശയാസ്പദമായ വെബ്‌സൈറ്റിൽ നിന്ന് വിഡിയോ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ജൂലൈ അപ്‌ഡേറ്റിൽ ഗൂഗിൾ ഇതിനകം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.