ഈ കൊവിഡ് കാലത്ത് പുതിയ യൂട്യൂബ് ചാനലുമായി നിരവധി പേര്‍  രംഗത്തിറങ്ങിയിട്ടുണ്ട്. അവരൊക്കെയും വരുമാനം ആഗ്രഹിച്ചാണ് ഈ മേഖലയിലേക്ക് എത്തുന്നത്. അതു കൊണ്ട് തന്നെ യൂ ട്യൂബ് ചില നിബന്ധനകള്‍ നേരത്തെ മുന്നോട്ട് വച്ചിരുന്നു. 4000 മണിക്കൂറും 1000 സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളുടെ ചാനലില്‍ യുട്യൂബ് പരസ്യങ്ങള്‍ കാണിക്കൂ, പണം ലഭിക്കൂ എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ അതിപ്പോള്‍ വീണ്ടും മാറുന്നു. മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിക്കുന്നു. എന്നാല്‍ പത്തു പൈസ കിട്ടില്ലെന്നു മാത്രം!

യൂട്യൂബില്‍ ധനസമ്പാദനത്തിനായി അപ്‌ഡേറ്റുചെയ്ത വീഡിയോ സേവന നിബന്ധനകളിലെ പുതിയ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും. പരിമിതമായ വീഡിയോകളില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങുമെന്നു യുട്യൂബ് പറയുന്നു, എന്നാല്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 'നിങ്ങള്‍ നിലവില്‍ യൂട്യൂബ് പങ്കാളിയായിട്ടില്ലാത്തതിനാല്‍, ഈ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങള്‍ക്ക് ലഭിക്കില്ല, എന്നിരുന്നാലും നിങ്ങള്‍ യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്നതുപോലെ സാധാരണഗതിയില്‍ അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്,' യൂട്യൂബ് അതിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.

എന്നാല്‍ യൂട്യൂബ് സ്രഷ്ടാക്കള്‍ അവരുടെ വീഡിയോകള്‍ ധനസമ്പാദനത്തിന് യോഗ്യമായിട്ടുണ്ടെങ്കില്‍ ഈ മാറ്റം സ്വാഭാവികമായും അവരെ ബാധിക്കില്ല. യൂട്യൂബിന്റെ പങ്കാളി പ്രോഗ്രാമിലേക്ക് പ്രവേശിക്കാന്‍, യൂട്യൂബേഴ്സിന്  12 മാസത്തിനുള്ളില്‍ മൊത്തം 4,000 മണിക്കൂര്‍ കാഴ്ചാസമയം ആവശ്യമാണ്, കൂടാതെ ആയിരത്തിലധികം സബ്‌സ്കൈബര്‍മാരെയും വേണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യൂട്യൂബ് ഉടമകള്‍ക്ക് അവരുടെ വീഡിയോകള്‍ മോണിട്ടൈസ് ചെയ്യാനായി അപേക്ഷിക്കാം. പങ്കാളിത്തമില്ലാത്ത യൂട്യൂബേഴ്സില്‍ നിന്നുള്ള വീഡിയോകളില്‍ രാഷ്ട്രീയം, മതം, മദ്യം, ചൂതാട്ടം തുടങ്ങിയ വിഷയങ്ങളിലെ വീഡിയോകളിലേക്ക് പരസ്യം പരിഗണിക്കില്ലെന്ന് യൂട്യൂബ് സ്ഥിരീകരിച്ചു.