ദില്ലി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമാറ്റോ ഫുഡ് ആപ്പ് നല്‍കിയ മറുപടി വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്.  ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.

ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. ഇതോടെ സംഭവം ഏറെ വൈറലായി മാറി. എന്നാല്‍ ഈ സംഭവം അവിടെ നിന്നില്ല,  സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനം ഊബര്‍ ഈറ്റ്സ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് ഊബര്‍ ഈറ്റ്സ് നിലപാട് അറിയിച്ചത്. 'സൊമാറ്റോ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്' -ഊബര്‍ ഈറ്റ്സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. 

പിന്നീട് വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിച്ചു. പക്ഷെ അതിനിടയില്‍ ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമാറ്റോയും, അവരെ പിന്തുണച്ച ഊബർ ഈറ്റ്സും സമ്മർദ്ദത്തിലാക്കുവാന്‍ സൈബര്‍ ലോകത്ത് നീക്കങ്ങള്‍ ശക്തമായി. ട്വിറ്ററിൽ ഇരു കമ്പനികളെയും ബോയ്കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബോയ്കോട്ട് ഊബർ ഈറ്റ്സ്, ബോയ്കോട്ട് സൊമാറ്റോ ട്വീറ്റുകൾ ഇപ്പോൾ ട്വിറ്ററിൽ വ്യാഴാഴ്ചയും മറ്റും ട്രെന്‍റിംഗായി മാറി. 

പ്രധാനമായും സൊമാറ്റോയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവരുടെ വിവിധ ആപ്പ് സ്റ്റോറുകളിലെ റൈറ്റിംഗ് കുറയ്ക്കുക എന്നതിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ആപ്പിന്‍റെ റൈറ്റിംഗ് ഇപ്പോള്‍ 1-സ്റ്റാറിലേക്ക് എത്തിക്കാന്‍ ഈ പ്രചരണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ സൊമാറ്റോയ്ക്ക് വന്ന 2,017 റിവ്യൂവില്‍ 1569 എണ്ണം ആപ്പിന് ഒരു സ്റ്റാറാണ് നല്‍കിയിരിക്കുന്നത്.448 പേര്‍ മാത്രമാണ് 5 സ്റ്റാര്‍ കൊടുത്തത്. അതായത് അടുത്തിടെ ആപ്പിന് റൈറ്റിംഗ് നല്‍കിയതില്‍ 77 ശതമാനം പേര്‍ 1 സ്റ്റാറാണ് നല്‍കിയത് എന്നാണ് ദ പ്രിന്‍റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

സൊമാറ്റോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന കമന്‍റുകളില്‍ പലതും, സൊമറ്റോയെ ഒരു പാഠം പഠിപ്പിക്കും, ഹിന്ദുക്കളോട് കളിക്കാന്‍ നില്‍ക്കരുത്, ശുക്ലാജിക്ക് പിന്തുണ എന്നിങ്ങനെ പോകുന്നു. ഏറ്റവും പുതിയ റിവ്യൂകളില്‍ 228 എണ്ണത്തില്‍ ഹിന്ദു എന്ന വാക്ക് ഉണ്ടെന്നാണ് ദ പ്രിന്‍റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. #IstandWithAmit എന്ന രീതിയില്‍ ട്വിറ്ററിലും വലിയ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം ഒരു ദീര്‍ഘകാലത്തേക്ക് സൊമാറ്റോയെ ബാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ സൊമാറ്റോയുടെ പ്ലേസ്റ്റോര്‍ റൈറ്റിംഗ് 4.3 ആണ്. മൊത്തം ആപ്പിന് ലഭിച്ച 26 ലക്ഷം റിവ്യൂകളില്‍ നിന്നാണ് ഇത്. മൊത്തം 50 ദശലക്ഷം ഡൗണ്‍ലോഡാണ് ഈ ആപ്പിനുള്ളത്. 

അതേ സമയം സൊമാറ്റോയുടെ അമിത് ശുക്ലയ്ക്കെതിരായ നിലപാടിനെ എതിര്‍ക്കുന്നവര്‍ സൊമറ്റോ 'ഹലാല്‍' ഭക്ഷണം വിളമ്പുന്നുണ്ടല്ലോ എന്ന പ്രചാരണമാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനെ  ഭക്ഷണത്തിന് മതമില്ലെന്ന ട്വീറ്റിന് താഴെ മറുപടി നല്‍കി സൊമാറ്റോ നേരിടുന്നു. ഹലാല്‍ എന്ന ഒരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കാര്യമാണ്, അത് സൊമറ്റോ ചേര്‍ക്കുന്നതല്ല. അതാത് ഹോട്ടലുകാരുടെ ആവശ്യമാണ്. അത് ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ടെന്നും സൊമാറ്റോ പറയുന്നു.