Asianet News MalayalamAsianet News Malayalam

500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നു; ഇരയായവരില്‍ സുക്കര്‍ബര്‍ഗും

ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു പകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. 

Zuckerbergs personal details also leaked in recent data breach
Author
New Delhi, First Published Apr 5, 2021, 7:36 PM IST

500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരമാണ് ചോര്‍ന്നത്. ഈയടുത്ത കാലത്ത് നടന്ന വലിയ ഡാറ്റ ലീക്കിലാണ് സുക്കര്‍ബര്‍ഗും കുടുങ്ങിയത്. സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ വിശദമാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സുക്കര്‍ബര്‍ഗിന്‍റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്കോവിറ്റ്സ് എന്നിവരും ഈ  500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്‍പ്പെടുമെന്നാണ് വാല്‍ക്കര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വാല്‍ക്കറിന്‍റെ വാദം ഫേസ്ബുക്ക് തള്ളുകയാണുണ്ടായത്. ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു പകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 106 രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

സൈബര്‍ ക്രൈം ഇന്‍റലിജന്‍സ് സ്ഥാപനമായ ഹഡ്സണ്‍ റോക്കിലെ ചീഫ് ടെക്നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്. ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് ഇത്തരത്തില്‍ പണി കിട്ടിയവരില്‍ വലിയൊരു ഭാഗവും എന്നാണ് അലോണ്‍ ഗാല്‍ പറയുന്നത്. ഹാക്കര്‍ വിവരങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ഡാറ്റ ചോര്‍ച്ചയേക്കുറിച്ച് വ്യക്തമാകുന്നതെന്നും അലോണ്‍ ഗാല്‍ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios