Asianet News MalayalamAsianet News Malayalam

കൊവിഡ് 19; കുട്ടികളിലെ ലക്ഷണങ്ങള്‍...

കുട്ടികളുടെ പഠനരീതികള്‍ കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും ചുരുക്കേണ്ടിവന്ന കാലം കൂടിയാണ് ഇത്. മുമ്പ് ഇത് ഉപയോഗിക്കരുത് എന്ന പറഞ്ഞിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ ഇതിന് നിര്‍ബന്ധിക്കേണ്ട അവസ്ഥയാണ്. സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനത്തിന് പുറമേ ഓണ്‍ലൈന്‍ ട്യൂഷന്‍ കൂടിയാകുമ്പോള്‍ മുഴുവന്‍ സമയവും ഇതിനായി മാറ്റപ്പെടും

know the covid symptoms in children
Author
Trivandrum, First Published Oct 28, 2020, 12:34 PM IST

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2-14 ദിവസത്തിനുളളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗതീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവയ്ക്കും അപൂര്‍വ്വമായ മണം, രുചി എന്നിവ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണാറുണ്ട്. 

കുട്ടികള്‍ക്കും അവബോധം ഉണ്ടാക്കുക...

രോഗത്തെക്കുറിച്ചുളള ശാസ്ത്രീയമായ അറിവ് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കണം. ഇത് കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാവരുത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന സന്ദേശങ്ങളില്‍ അശാസ്ത്രീയമായ കാര്യങ്ങളും, തെറ്റിദ്ധാരണകളും ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കി നല്‍കണം.

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍...

ആരോഗ്യപ്രവര്‍ത്തകരുമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കുക. കാരണം രോഗനിര്‍ണ്ണയം ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. 

അപകടസൂചനകള്‍ ആയ ശ്വാസംമുട്ടല്‍, ഉറക്കക്കൂടുതല്‍, തളര്‍ച്ച, നിര്‍ജ്ജലീകരണം, കടുത്ത പനി എന്നിവയുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടനെ ഫോണ്‍വഴി ബന്ധപ്പെടുകയും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം. 

രോഗം പകരാതിരിക്കാന്‍ ഉളള മുന്‍കരുതലുകള്‍..

കഴിവതും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. പുറത്തുപോകുമ്പോള്‍ മാസ്‌ക്ക് കൃത്യമായി രീതിയില്‍ ഉപയോഗിക്കുകയും, മാസ്‌കിന്റെ പുറംഭാഗം സ്പര്‍ശിക്കാതിരിക്കുകയും വേണം. സാമൂഹിക അകലം കൃത്യമായും പാലിക്കുക, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കൈകള്‍ ഉപയോഗിച്ച് മുഖം മറയ്ക്കാതെ കൈമുട്ടിന്റെ ഉള്‍ഭാഗം കൊണ്ട് മറയ്ക്കുക. രണ്ട് വയസ്സിന് മുകളില്‍ ഉളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ മാസ്‌ക് ധരിക്കുമ്പോള്‍ കഴുത്തില്‍ കുരുങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ കയ്യെത്താത്ത സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ ഉളള മുതിര്‍ന്ന ആളുകളും സ്ഥിരമായ അസുഖങ്ങള്‍ ഉളളവരും കുട്ടികളുമായി ഇടപഴകുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇവര്‍ക്ക് രോഗം വന്നാല്‍ അസുഖത്തിന്റെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്. 

മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍...

രോഗം വരാതിരിക്കുന്നതിനുളള മുന്‍കരുതലുകളായ മാസ്‌ക്, സാമൂഹിക അകലം, കൈ ശുചിയാക്കല്‍ എന്നിവ കൃത്യമായി പാലിക്കുക. മറ്റുളളവരുമായി പാലിക്കുന്ന ശാരീരിക അകലം സാമൂഹിക അകലം അല്ല എന്നും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. ജോലി കഴിഞ്ഞുവന്ന ഉടനെ കുളി കഴിഞ്ഞ് വസ്ത്രം മാറിയ ശേഷം മാത്രമേ കുട്ടികളുമായി സമ്പര്‍ക്കം പാടുളളൂ. 

കുട്ടികളുടെ ഭക്ഷണക്രമം...

ഉത്തമമായ ആഹാരശീലങ്ങള്‍ കുട്ടികളെ ശീലിപ്പിക്കാന്‍ പറ്റിയ ഒരു അവസരം കൂടിയാണ് കൊറോണക്കാലം. വീട്ടില്‍ തന്നെ പാചകം ചെയ്ത സമീകൃത ആഹാരം എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുക. കൂടുതല്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പയറുവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മൂലകങ്ങള്‍ ആയ സിങ്ക്, വിറ്റാമിന്‍ ഡി, സി, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവ ലഭിക്കും. ധാരാളം വെളളം കുടിക്കുന്നതും ശീലമാക്കുക. 

ഓണ്‍ലൈന്‍ പഠനം...

കുട്ടികളുടെ പഠനരീതികള്‍ കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും ചുരുക്കേണ്ടിവന്ന കാലം കൂടിയാണ് ഇത്. മുമ്പ് ഇത് ഉപയോഗിക്കരുത് എന്ന പറഞ്ഞിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ ഇതിന് നിര്‍ബന്ധിക്കേണ്ട അവസ്ഥയാണ്. സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനത്തിന് പുറമേ ഓണ്‍ലൈന്‍ ട്യൂഷന്‍ കൂടിയാകുമ്പോള്‍ മുഴുവന്‍ സമയവും ഇതിനായി മാറ്റപ്പെടും. ഇത് കുട്ടികളില്‍ ശ്രദ്ധക്കുറവ്, താല്‍പര്യം ഇല്ലായ്മ, ശാരീരിക- മാനസിക അസുഖങ്ങള്‍ എന്നിവ സൃഷ്ടിക്കും. ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

ശാരീരിക ആരോഗ്യത്തിന്...

വീട്ടില്‍ തന്നെ കളികളില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുക. ഇതില്‍ മാതാപിതാക്കളും പങ്കാളികളാകാന്‍ ശ്രദ്ധിക്കുക. കുടുംത്തിലെ എല്ലാവരും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നതിനും ഒന്നിച്ച് വ്യായാമം ചെയ്യുന്നതും നല്ലതാണ്. 

മാനസിക ആരോഗ്യത്തിന്...

കുട്ടികളുമായി കൂടുതല്‍ സമയം ചിലവിടാനും കളികളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കുക. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അതിന് പരിഹാരം കാണുകയും വേണം. ഫോണിലൂടെ സുഹൃത്തുക്കളുമായി ബന്ധം നിലനിര്‍ത്താന്‍ അവസരം ഒരുക്കണം. പാഠ്യേതര വിഷയങ്ങളില്‍ ഉളള കഴിവുകള്‍ കണ്ടെത്താനും അവ വികസിപ്പിക്കാനും ഈ സമയം ഉപയോഗിക്കാം. ഇതിനോടൊപ്പം കുട്ടികളില്‍ വരുന്ന സ്വഭാവമാറ്റങ്ങള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കണം, ഒറ്റക്കിരിക്കാനുളള താല്‍പര്യം, അമിതമായ സങ്കടം, കാരണമില്ലാതെയുളള കരച്ചില്‍, ദേഷ്യപ്പെടല്‍ എന്നിവ ഉണ്ടെങ്കില്‍ ഉടനെത്തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. 

പ്രതിരോധ കുത്തിവയ്പുകള്‍...

കുട്ടികള്‍ക്കുളള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കേണ്ടതാണ്. ഇവ എടുക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന മറ്റ് അസുഖങ്ങള്‍ കൊറോണയെക്കാള്‍ തീവ്രവും മരണകാരണമായേക്കാവുന്നതുമാണ്. ഏറ്റവും അടുത്തുളള ആശുപത്രിയില്‍ കഴിവതും മുന്‍കൂട്ടി സമയം നിശ്ചയിച്ച ശേഷം, കഴിവതും ഒരാള്‍ മാത്രം കുട്ടിയോടൊപ്പം പോകുക. ആശുപത്രിയില്‍ നിലവിലുളള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് രോഗം പകരാനുളള സാധ്യത കുറയ്ക്കും. ഒന്നോ രണ്ടോ ആഴ്ച മാറിയാലും പ്രശ്‌നമില്ല. പക്ഷേ കുത്തിവെയ്പുകള്‍ എടുക്കാതിരിക്കരുത്. 

നവജാത ശിശുക്കള്‍...

മുലപ്പാല്‍ തന്നെയാണ് കുഞ്ഞുങ്ങളുടെ ഉത്തമമായ ആഹാരം. അമ്മയ്ക്ക് കൊവിഡ് രോഗം ഉണ്ടെങ്കിലും കൃത്യമായി മാസ്‌ക് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയശേഷം മുലപ്പാല്‍ കൊടുക്കാവുന്നതാണ്. മുലപ്പാല്‍ കൊടുക്കുന്നതും ശാരീരിക അകലം പാലിച്ച് അമ്മയും കുഞ്ഞും ഒരേ മുറി പങ്കിടുന്നതും രോഗം വരാനുളള സാധ്യത ഒരിക്കലും കൂട്ടില്ല. 6 മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതും 2 വയസ്സുവരെ ഇത് തുടരുന്നത് കുട്ടികളിലെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും.

Also Read:- കൊവിഡ് വന്ന് ഭേദമായി; വീണ്ടും മരണത്തോളം പോയി ഏഴുവയസുകാരന്‍...

Follow Us:
Download App:
  • android
  • ios