സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്, എഐ ചാറ്റ്ബോട്ടായ ഗ്രോക്ക്, കോഡിങ് ടൂളായ കർസർ എന്നിവയെ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷൻ പദ്ധതിക്ക് കീഴിലാക്കി. 8 ഡോളർ മുതൽ 200 ഡോളർ വരെയുള്ള വിവിധ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഈ സേവനങ്ങൾ ഇനി എളുപ്പത്തിൽ ഉപയോഗിക്കാം. പഴയ സങ്കീർണ്ണമായ രീതി ഒഴിവാക്കി കൂടുതൽ ആളുകളെ ആകർഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്, എഐ ചാറ്റ്ബോട്ടായ ഗ്രോക്ക്, കോഡിങ് ടൂളായ കർസർ എന്നിവയെ ഒരൊറ്റ സബ്‌സ്‌ക്രിപ്ഷൻ പദ്ധതിക്ക് കീഴിലാക്കി സ്‌പേസ് എക്‌സ്. മൂന്ന് സേവനങ്ങൾക്കും പ്രത്യേകം പണം നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ് പുതിയ എക്‌സ് സബ്‌സ്‌ക്രിപ്ഷൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടെ ഒരൊറ്റ അംഗത്വത്തിലൂടെ സാമൂഹിക മാധ്യമ സേവനങ്ങൾക്കും നിർമിതബുദ്ധി സംവിധാനങ്ങൾക്കും കോഡിങ് സൗകര്യങ്ങൾക്കും ആക്സസ് ലഭിക്കും.

എട്ട് ഡോളർ മുതൽ പ്ലാനുകൾ

പുതിയ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലസ് പ്ലാനിന് പ്രതിമാസം എട്ട് ഡോളറാണ്. അതായത് ഏകദേശം 767 രൂപ. ഗ്രോക്കിന്റെ ചാറ്റ്, വോയ്സ് ചാറ്റ്, ചിത്രനിർമാണം, ആപ്പ് നിർമാണം തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഗ്രോക്ക് എപിഐ ഉപയോഗിക്കാനും കർസർ വഴി കോഡിങ് നടത്താനും കഴിയും. എക്‌സിലെ വെരിഫിക്കേഷൻ മാർക്ക്, പരസ്യങ്ങളുടെ എണ്ണം കുറയ്ക്കുന്ന സൗകര്യം, കണ്ടന്‍റ് ക്രിയേറ്റർമാർക്കുള്ള വിവിധ ടൂളുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ലഭ്യമാകും.

30 ഡോളറിന്റെ പ്രീമിയം പ്ലാൻ

കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ളവർക്കായി പ്രതിമാസം 30 ഡോളർ, ഏകദേശം 2,855 രൂപ നിരക്കിൽ പ്രീമിയം പ്ലാനുമുണ്ട്. ഗ്രോക്ക് ബോട്ട്, ഏറ്റവും പുതിയ ഗ്രോക്ക് എഐ മോഡലുകളിലേക്കുള്ള ആക്സസ്, വേഗത്തിലുള്ള മറുപടികൾ, എഐ ഉപയോഗിച്ചുള്ള ചിത്ര- വീഡിയോ നിർമാണം എന്നിവയാണ് പ്രധാന സവിശേഷതകൾ. കർസർ ഉപയോക്താക്കൾക്ക് കോഡ് ഹോസ്റ്റിങ്, ക്ലൗഡ് ഏജന്റുകൾ, ഓട്ടോമേഷൻ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും.

സൂപ്പർ, അൾട്രാ പ്ലാനുകൾക്ക് ഉയർന്ന നിരക്ക്

പ്രതിമാസം 100 ഡോളർ, ഏകദേശം 9,516 രൂപ നിരക്കിലുള്ള സൂപ്പർ പ്ലാനിൽ തിരക്കേറിയ സമയങ്ങളിൽ ഗ്രോക്ക് മോഡലുകൾക്ക് മുൻഗണനയോടെ പ്രവേശനം ലഭിക്കും. ഏറ്റവും ഉയർന്ന നിരക്കിലുള്ള അൾട്രാ പ്ലാനിന് പ്രതിമാസം 200 ഡോളറാണ്, ഏകദേശം 19,031 രൂപ. പുതിയ ഉൽപ്പന്നങ്ങളും എഐ മോഡലുകളും മറ്റുള്ളവർക്കു മുമ്പ് പരീക്ഷിക്കാനുള്ള അവസരമാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം.

പഴയ സംവിധാനം കൂടുതൽ സങ്കീർണം

നേരത്തേ എക്‌സിനും ഗ്രോക്കിനും വ്യത്യസ്‍ത സബ്‌സ്‌ക്രിപ്ഷൻ പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. എക്‌സിൽ പ്രതിമാസം മൂന്ന് ഡോളറിന്റെ ബേസിക്, എട്ട് ഡോളറിന്റെ പ്രീമിയം, 40 ഡോളറിന്റെ പ്രീമിയം പ്ലസ് എന്നീ പദ്ധതികളുണ്ടായിരുന്നു. ഗ്രോക്കിന് സൗജന്യ പതിപ്പിനൊപ്പം 30 ഡോളറിന്റെ സൂപ്പർഗ്രോക്ക്, 100 ഡോളറിന്റെ സൂപ്പർഗ്രോക്ക് പ്ലസ്, 300 ഡോളറിന്റെ സൂപ്പർഗ്രോക്ക് ഹെവി എന്നീ പദ്ധതികളും ലഭ്യമായിരുന്നു. ഇത്തരത്തിൽ ഏഴ് വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ടായിരുന്നത് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നു.

സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പുതിയ നീക്കം

വ്യക്തിഗത ഉപയോക്താക്കൾക്കു പുറമെ ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം, സൂപ്പർ, അൾട്രാ പ്ലാനുകൾ ടീമുകൾക്കും ലഭ്യമാകും. വൻകിട സ്ഥാപനങ്ങൾക്ക് ആവശ്യാനുസൃതമായ സബ്‌സ്‌ക്രിപ്ഷൻ പദ്ധതികളും നൽകും.

എക്‌സിൽ പണം നൽകി സേവനങ്ങൾ ഉപയോഗിക്കുന്നവരെ ഗ്രോക്കിലേക്കും കർസറിലേക്കും ആകർഷിക്കുകയാണ് ഈ സംയോജനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. നിർമിതബുദ്ധി സേവനങ്ങളും സോഫ്റ്റ്‌വെയർ വികസനത്തിനുള്ള ടൂളുകളും ഒരൊറ്റ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് സ്ഥാപനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായേക്കും.