Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണിന് അടിമയാണോ? രക്ഷിതാക്കള്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

കൗമാരക്കാരുടെ മൊബൈല്‍ ഫോണ്‍ ആസക്തി കുറയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ വിവരിക്കുന്നത്.

how to control smartphone internet addictions joy
Author
First Published Nov 18, 2023, 11:57 AM IST

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന്റെ പേരിലാണ് കഴിഞ്ഞദിവസം ഒരു 16കാരന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. എപ്പോഴും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടി ഫോണിന് അടിമയായി മാറിയെന്ന് മനസിലാക്കി മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെയാണ് കൗമാരക്കാരന്‍ ജീവനൊടുക്കിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കൗമാരക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പരിധി വിട്ടാല്‍ രക്ഷിതാക്കള്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവരിച്ച് വിദഗ്ദര്‍ രംഗത്തെത്തിയത്. 

കൗമാരക്കാരുടെ മൊബൈല്‍ ഫോണ്‍ ആസക്തി കുറയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ വിവരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ സമയത്തിന് പരിധി നിശ്ചയിക്കാനും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്തോടെയുള്ള സാങ്കേതികവിദ്യ ഉപയോഗത്തെ കുറിച്ച് കൗമാരക്കാരോട് തുറന്ന് സംസാരിക്കണമെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന് മാതാപിതാക്കള്‍ ക്യത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കണം. ഭക്ഷണസമയം, കുടുംബത്തിനൊപ്പമുള്ള സമയം, ഉറങ്ങുന്ന സമയം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ പൂര്‍ണമായും വിലക്കുക. പരസ്പരം തുറന്നുള്ള സംസാരങ്ങള്‍ക്ക് മാതാപിതാക്കള്‍ മുന്‍ഗണന നല്‍കുകയാണെങ്കില്‍ കൗമാരക്കാരും ആ ശീലങ്ങള്‍ അനുകരിക്കാനുള്ള സാധ്യത കൂടുതലാണ്. മക്കളെ വ്യായാമങ്ങളും ഔട്ട്ഡോര്‍ ജോലികളും പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. സ്‌പോര്‍ട്‌സിലോ ഹോബികളിലോ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലോ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണമെന്നും വിദഗ്ദര്‍ പറയുന്നു.

അമിതമായ മൊബൈല്‍ ഉപയോഗം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നെങ്കില്‍ കൗമാരക്കാര്‍ക്ക് അക്കാര്യം മാതാപിതാക്കളെ അറിയിക്കാനുള്ള സാഹചര്യമൊരുക്കണം. ഉറക്കം തടസപ്പെടല്‍, കണ്ണിന്റെ ബുദ്ധിമുട്ട്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പരസ്പരം ചര്‍ച്ച ചെയ്യുക. കൗമാരക്കാരുമായി തുറന്നതും വിവേചനരഹിതവുമായ ആശയവിനിമയം നിലനിര്‍ത്തുക. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഡിജിറ്റല്‍ ലോകത്തെ കുറിച്ചും ഓണ്‍ലൈന്‍ ദുരുപയോഗങ്ങളെ കുറിച്ചും കൗമാരക്കാരെ ബോധവത്കരിക്കുന്നത് നല്ലതാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആരോഗ്യകരമായ ഓണ്‍ലൈന്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം എന്നിവയും വിദ്യാര്‍ഥികളെ പറഞ്ഞ് മനസിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നവരാണോ? ഇനി ഗൂഗിളിന് പണം നല്‍കേണ്ടി വരും... 
 

Follow Us:
Download App:
  • android
  • ios