Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 16 സീരിസ് ഇനി 'കളറാകും'; പുതിയ പ്രഖ്യാപനവുമായി മിങ് ചി കുവോ

ഐഫോണില്‍ ലഭ്യമായിട്ടുള്ള നിറങ്ങള്‍ പുതിയ പേരുകളില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

iPhone 16 series case color prediction by apple analyst
Author
First Published May 21, 2024, 4:11 PM IST

ആപ്പിള്‍ ഐഫോണ്‍ 16 സീരിസിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാസങ്ങള്‍ക്കകം ഫോണ്‍ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഐഫോണ്‍ 16 സീരിസ് പുതിയ രണ്ട് നിറങ്ങളില്‍ കൂടി ലഭ്യമാകുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്. കറുപ്പ്, വെള്ള അല്ലെങ്കില്‍ സില്‍വര്‍ നിറം, ഗ്രേ, റോസ് എന്നീ നിറങ്ങളിലായിരിക്കും 16 പ്രോ, 16 പ്രോ മാക്‌സ് സീരീസ് എത്തുകയെന്നാണ് കുവോ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. കൂടാതെ ഐഫോണ്‍ 16, 16 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള എന്നി നിറങ്ങളിലായിരിക്കും വിപണിയിലെത്തുന്നതെന്നും കുവോ പോസ്റ്റില്‍ പറയുന്നു.

ഐഫോണില്‍ ലഭ്യമായിട്ടുള്ള നിറങ്ങള്‍ പുതിയ പേരുകളില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴുള്ള വെള്ള ഇനി മുതല്‍ സ്റ്റാര്‍ലൈറ്റ് എന്ന പേരിലാകും അറിയപ്പെടുകയെന്നും കുവോ പോസ്റ്റില്‍ പറയുന്നു. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ പുതിയ ബാറ്ററിയായിരിക്കും ആപ്പിള്‍ ഉപയോഗിക്കുക. ഇത് കുവോ തന്നെയാണ് നേരത്തെ പുറത്തുവിട്ടത്. പുതിയ സീരിസ് വരുന്നതോടെ ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന വിമര്‍ശനങ്ങള്‍ക്ക് അവസാനമാകുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. നിലവില്‍ അലുമിനിയം കേസിങ്ങാണ് ഐഫോണിലെ ബാറ്ററിക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത് സ്റ്റെയിന്‍ലെസ് സ്റ്റീലായിരിക്കുമെന്നും കുവോ അവകാശപ്പെടുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും ഐഫോണ്‍ 16 ഉപഭോക്താക്കളിലേക്ക് എത്തുകയെന്ന സൂചന നേരത്തെ വന്നിരുന്നു. കമ്പനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടു കൂടിയ ഐഫോണ്‍ 16 സീരീസാണ് പുറത്തിറക്കുന്നത്. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 അവതരിപ്പിക്കുക എന്നാണ് സൂചന. ജൂണ്‍ 10 മുതല്‍ 14 വരെയാണ് കോണ്‍ഫറന്‍സ്. എഐ ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ ഈ പരിപാടിയില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

'ഇനിയില്ല ട്വിറ്റര്‍'; പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് മസ്‌ക്
 

Latest Videos
Follow Us:
Download App:
  • android
  • ios